എറണാകുളം: ഒക്ടോബർ രണ്ടിന് സ്‌കൂളുകളിൽ ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്ന സർക്കാർ നിർദേശത്തെ തള്ളി കേരളത്തിലെ മെത്രാൻ സമിതിയുടെ സംയുക്ത വേദിയായ കെ.സി.ബി.സി. ഒക്ടോബർ രണ്ട് ഞായറാഴ്‌ച കതോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കെ.സി.ബി.സി അറിയിച്ചു.
ഒക്‌ടോബര്‍ രണ്ടിന് കതോലിക്ക രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്‍റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നുണ്ട്. കൂടാതെ ഞായറാഴ്‌ച വിശ്വാസപരമായ ആചരാനുഷ്‌ഠാനങ്ങളില്‍ കതോലിക്കകാരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുണ്ട്.
അതിനാൽ പ്രസ്‌തുത ദിനം സാധാരണ പോലെ തന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം നീക്കി വയ്ക്കേണ്ടതാണ്. കൂടാതെ ഇനി മുതല്‍ ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കതോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ലെന്നും കെ.സി.ബി.സി നിർദേശിച്ചു.
എന്നാല്‍ ഒക്‌ടോബര്‍ 2 ഞായറാഴ്‌ച ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കാളും വിദ്യാലയങ്ങളില്‍ വന്ന് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാൽ ഈ പരിപാടി മറ്റൊരു ദിവസം സമുചിതമായി ആചരിക്കുമെന്നും, സര്‍ക്കാരിന്‍റെ നിര്‍ദേശത്തോട് സഹകരിക്കണമെന്നും കെ.സി.ബി.സി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.