കേരളം

kerala

ETV Bharat / city

നെടുമ്പാശ്ശേരി ലഹരിക്കടത്ത് : നൈജീരിയന്‍ സ്വദേശിനിയെ കൊച്ചിയിലെത്തിക്കുന്നത് വൈകും - പിടുത്തമിട്ട് കസ്റ്റംസ്‌

തിഹാർ ജയിലിൽ കഴിയുന്ന നൈജീരിയന്‍ സ്വദേശിനിയായ യുവതിയെ ഡൽഹി പൊലീസ് ഓഗസ്റ്റ് 29 ന് കൊച്ചിയിലെത്തിക്കും. എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കുന്ന യുവതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും

യുകാമ ഇമ്മാനുവേല ഒമിഡു  നെടുമ്പാശ്ശേരി മയക്കുമരുന്ന് കേസ്  നെടുമ്പാശ്ശേരി ലഹരിക്കടത്ത്  NEDUMBASERRY AIRPORT DRUG TRAFFICKING  Nedumbassery drug case  ഡൽഹി പൊലീസ്  Yukama Emmanuela Omidu  മെഥാക്വിനോൾ  നൈജീരിയന്‍ സ്വദേശിനിയായ യുവതി മയക്കുമരുന്ന്  NEDUMBASERRY AIRPORT DRUG CASE UPDATE
നെടുമ്പാശ്ശേരി ലഹരിക്കടത്ത്; നൈജീരിയന്‍ സ്വദേശിനിയെ കൊച്ചിയിലെത്തിക്കുന്നത് വൈകും

By

Published : Aug 27, 2022, 10:21 PM IST

എറണാകുളം :നെടുമ്പാശ്ശേരി മയക്കുമരുന്ന് കേസിൽ പിടിയിലായ നൈജീരിയന്‍ സ്വദേശിനിയായ യുകാമ ഇമ്മാനുവേല ഒമിഡുവിനെ കൊച്ചിയിലെത്തിക്കുന്നത് വൈകും. തിഹാർ ജയിലിൽ കഴിയുന്ന യുവതിയെ ഡൽഹി പൊലീസ് ഓഗസ്റ്റ് 29 ന് കൊച്ചിയിലെത്തിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റംസ് അപേക്ഷ പരിഗണിച്ച് പ്രൊഡക്ഷൻ വാറന്‍റ് അനുവദിച്ചിരുന്നു.

കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് സംഘം വ്യാഴാഴ്‌ച തന്നെ പ്രതി തടവിൽ കഴിയുന്ന തിഹാർ ജയിലിലെത്തി വാറണ്ട് കൈമാറിയിരുന്നു. എന്നാൽ ഡൽഹി പൊലീസ് പ്രതിയെ എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ജയിൽ അധികൃതർ അറിയിക്കുകയായിരുന്നു. യുവതിയെ കസ്റ്റഡിയിൽ ലഭിക്കാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും.

36 കോടിയുടെ മയക്കുമരുന്ന് : കഴിഞ്ഞ ഞായറാഴ്‌ചയാണ് (21.08.2022) 36 കോടി വില വരുന്ന മെഥാക്വിനോൾ മയക്കുമരുന്നുമായി പാലക്കാട് സ്വദേശിയായ മുരളീധരൻ നായർ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. പ്രതിയെ ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡ് ഉള്‍പ്പടെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്‌തിരുന്നു.

വിശദമായി ചോദ്യം ചെയ്‌തതോടെയാണ് ലഹരിക്കടത്തിന് പിന്നിലെ രാജ്യാന്തര ബന്ധം വ്യക്തമായത്. വനിതകള്‍ നിയന്ത്രിക്കുന്ന സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് മുരളീധരന്‍ നായരെന്ന് കസ്റ്റംസ് സംശയിക്കുന്നത്. ഇതേ സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്ന യുവതിയാണ് ഡല്‍ഹിയില്‍ പിടിയിലായ നൈജീരിയന്‍ സ്വദേശിനിയായ യുകാമ ഇമ്മാനുവേല ഒമിഡു.

പിടുത്തമിട്ട് കസ്റ്റംസ്‌ : സിംബാബ്‌വെയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയ മുരളീധരന്‍ നായര്‍ ദോഹ വഴി കൊച്ചിയിലെത്തിച്ച് ഡല്‍ഹിയിലുള്ള നൈജീരിയക്കാരിക്ക് കൈമാറാനായിരുന്നു പദ്ധതി. എന്നാല്‍ ഇത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ കസ്റ്റംസ് മുരളീധരൻ നായരെ പിടികൂടുകയും ഇയാളുടെ ഫോൺ ഉപയോഗിച്ച് യുവതിയെ കുടുക്കുകയുമായിരുന്നു.

താന്‍ ഉടന്‍ ഡല്‍ഹിയിലെത്തുമെന്ന് മുരളീധരന്‍ നായരുടെ മൊബൈലിൽ നിന്ന് കസ്റ്റംസ് യുവതിക്ക് സന്ദേശമയച്ചു. ഇത് അനുസരിച്ച് മയക്കുമരുന്ന് കൈപ്പറ്റാൻ ഡൽഹിയിലെ ഹോട്ടൽ റൂമിലെത്തിയ നൈജീരിയക്കാരിയെ കസ്റ്റംസ് കയ്യോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡിലായ മുരളീധരൻ നായരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

കൊച്ചിയിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി എയർ ഏഷ്യ വിമാനത്തിൽ കയറവെയാണ് മുരളീധരൻ നായരുടെ ബാഗേജ് പരിശോധന നടത്തിയത്. സിയാലിന്‍റെ അത്യാധുനിക 'ത്രിഡി എംആർഐ' സ്‌കാനിങ് യന്ത്രം ഉപയോഗിച്ച് സിയാലിന്‍റെ തന്നെ സുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് ബാഗിന്‍റെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന ലഹരി വസ്‌തു കണ്ടെത്തിയത്.

ABOUT THE AUTHOR

...view details