ഉത്തരവാദിത്തമില്ലെന്ന് മരട് ഫ്ലാറ്റ് നിർമാതാക്കൾ - ഫ്ലാറ്റുകളുടെ കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് ഫ്ലാറ്റ് നിർമാതാക്കൾ
മരട് നഗരസഭ നൽകിയ നോട്ടിസിനുള്ള മറുപടിയിലാണ് ഫ്ലാറ്റ് നിർമാതാക്കൾ ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി നൽകിയ നിർദേശത്തെ തുടർന്നാണ് ഫ്ലാറ്റ് ഉടമകൾക്കൊപ്പം നിർമ്മാതാക്കൾക്കും മരട് നഗരസഭ നോട്ടീസ് നൽകിയത്
കൊച്ചി:മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തിൽ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് ഫ്ലാറ്റ് നിർമാതാക്കൾ. മരട് നഗരസഭ നൽകിയ നോട്ടിസിനുള്ള മറുപടിയിലാണ് ഫ്ലാറ്റ് നിർമാതാക്കൾ ഇക്കാര്യം അറിയിച്ചത്. നഗരസഭ എന്തിനാണ് തങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് മനസിലാകുന്നില്ലെന്നും മറുപടിക്കത്തിൽ അവർ വ്യക്തമാക്കുന്നു. നിലവിലെ ഉടമസ്ഥരാണ് ഫ്ലാറ്റുകൾക്ക് നികുതി അടയ്ക്കുന്നത്. അതിനാൽതന്നെ അവയുടെ ഉടമസ്ഥാവകാശവും അവർക്കാണുള്ളതെന്നും നിർമാതാക്കൾ അറിയിച്ചു.
തീരദേശനിയമം ലംഘിച്ച് നിർമിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മരടിലെ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് ചീഫ് സെക്രട്ടറി നൽകിയ നിർദേശത്തെ തുടർന്നാണ് ഫ്ലാറ്റ് ഉടമകൾക്കും നിർമാതാക്കൾക്കും മരട് നഗരസഭ നോട്ടീസ് നൽകിയത്. ഫ്ലാറ്റുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഉടമകൾക്ക് നൽകിയ സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. ഒഴിഞ്ഞുപോയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ നിർദേശമനുസരിച്ച് മാത്രമേ തുടർ നടപടി സ്വീകരിക്കുകയുള്ളൂവെന്നാണ് ഒടുവിൽ നരസഭാ സെക്രട്ടറി അറിയിച്ചത്. വിഷയത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് തീരുമാനമെടുക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം.