എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. വ്യാഴാഴ്‌ച മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ് ആത്മാർഥമായാണ് പ്രചാരണത്തിൽ പങ്കാളിയാവുക. ഇതിന്‍റെ പേരിൽ തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നുവെങ്കിൽ പുറത്താക്കട്ടെയെന്നും കെ.വി തോമസ് പറഞ്ഞു. കൊച്ചി തോപ്പുംപടിയിലെ വീട്ടിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ.വി തോമസ് ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ചത്.
പിന്തുണയ്ക്കുന്നത് വികസനത്തെ: കെ റെയിലുമായി ബന്ധപ്പെട്ട് വ്യക്തമായി പഠിച്ചാണ് പിന്തുണയ്ക്കുന്നത്. വികസനത്തെ പിന്തുണയ്ക്കുന്നതാണ് തന്‍റെ നിലപാട്. ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫ് വിജയിക്കാൻ വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
താനുമായി ബന്ധമുള്ള കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. തന്‍റെ നിലപാടുമായി യോജിക്കുന്ന നിരവധി പേർ കോൺഗ്രസിലുണ്ട്. കോൺഗ്രസ് കേന്ദ്ര നേതൃത്വം തന്നെ അംഗീകരിച്ചാലും കേരളത്തിലെ നേതൃത്വം അംഗീകരിക്കില്ലെന്ന നിലപാട് എടുത്തു.
Also read: 'പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണമൊന്നുമല്ല നടക്കുന്നത്' ; കെ വി തോമസിന് വി.ഡി സതീശന്‍റെ മറുപടി
നിരന്തരമായി താൻ അധിക്ഷേപത്തിനിരയായി. തന്‍റെ സമുദായത്തിന്‍റെ പേരിൽ പോലും കോൺഗ്രസ് അധ്യക്ഷന്‍ അവഹേളിക്കുകയുണ്ടായി. തനിക്ക് ബാധകമായ മാനദണ്ഡം വി.ഡി സതീശന് ബാധകമായാൽ അടുത്ത തവണ അദ്ദേഹത്തിന് മത്സരിക്കാനാകില്ലെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.
കോൺഗ്രസുകാരനായി നിന്ന് പ്രവര്‍ത്തിക്കും: ഇടതുമുന്നണിയുമായി ഏതെങ്കിലും തരത്തിൽ ചർച്ചകൾ നടത്തിയിട്ടില്ല. നിരവധി കാര്യങ്ങൾ തുറന്ന് പറയാനുണ്ട്. ഇത്തരത്തിൽ തന്നെ കോൺഗ്രസ് മുന്നോട്ട് പോകുകയാണെങ്കിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസ് രക്ഷപ്പെടില്ല.
പാർലമെന്‍ററി സ്ഥാനങ്ങളിലേക്ക് ഇനിയില്ലെന്നും കെ.വി തോമസ് വ്യക്തമാക്കി. തനിക്ക് ഉള്ളത് കോൺഗ്രസ് സംസ്‌കാരമാണ്. കോൺഗ്രസുകാരനായി നിന്ന് വികസനത്തിന് വേണ്ടി പ്രവർത്തിക്കും.
ബൈബിളിലെ യൂദാസ് ആരാണെന്ന് അറിയാത്തതിനാലാണ് എം.എം ഹസൻ തന്നെ യൂദാസാക്കുന്നത്. തൃക്കാക്കരയിൽ കോൺഗ്രസ് ആദ്യം ശ്രമിച്ചത് സഹതാപമുണ്ടാക്കാനാണ്. പിന്നീട് സമുദായ വിഷയം ചർച്ചയാക്കി.
പിന്നീട് ഇതിൽ നിന്ന് പിന്നോട്ട് പോയെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി. തന്‍റെ നിലപാടിനെ കോൺഗ്രസിൽ നിന്ന് ആരെങ്കിലും പിന്തുണയ്ക്കുമോയെന്നത് കാത്തിരുന്നുകാണാമെന്നും കെ.വി തോമസ് പറഞ്ഞു.