എറണാകുളം: കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയില്‍ ആരാധന നടത്താനായി എത്തിയ ഓര്‍ത്തഡോക്സ് വിഭാഗം പ്രതിഷേധം ശക്തമായതോടെ മടങ്ങി. രാവിലെ പത്ത് മണിയോടെ പള്ളിയിലെത്തിയ ഓർത്തഡോക്സ് വിഭാഗത്തിനെതിരെ യാക്കോബായ വിഭാഗം വലിയ രീതിയിൽ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് വ്യാപാരി വ്യവസായ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ നിന്നും മടങ്ങാൻ തീരുമാനിച്ചത്. നിയമജ്ഞരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും കോടതി വിധി നടപ്പാക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും പള്ളിയിൽനിന്ന് മടങ്ങുന്നതിന് മുമ്പ് തോമസ് പോൾ റമ്പാൻ പറഞ്ഞു.
കോതമംഗലം പള്ളിതര്‍ക്കം; ആരാധന നടത്താന്‍ സാധിക്കാതെ ഓർത്തഡോക്‌സ് വിഭാഗം മടങ്ങി - യാക്കോബായ വിഭാഗം ലേറ്റസ്റ്റ് ന്യൂസ്
യാക്കോബായ വിഭാഗവും വ്യാപാരി വ്യവസായ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഓർത്തഡോക്സ് വിഭാഗം മടങ്ങിയത്
ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ എത്തുന്നതറിഞ്ഞ യാക്കോബായ വിഭാഗം വിശ്വാസികൾ നേരത്തെ തന്നെ പള്ളിയിൽ നിലയുറപ്പിച്ചു. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാൻ എത്തിയതോടെ ഗേറ്റ് അടച്ചു. യാതൊരു കാരണവശാലും ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ കയറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു യാക്കോബായ വിശ്വാസികൾ. പൊലീസ് പലതവണ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലപ്രദമായില്ല. തുടര്‍ന്ന് വ്യാപാരി വ്യവസായ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ച് ഓർത്തഡോക്സ് വിഭാഗത്തിനെതിരെ പ്രതിഷേധവുമായി എത്തി. വ്യാപാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധം കൂടി കണക്കിലെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗം മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നാല് തവണ തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. തങ്ങളുടെ പൂർവ പിതാക്കന്മാർ പണിതുയർത്തിയ പള്ളിയിൽനിന്നും ഒരിക്കലും ഇറങ്ങില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്.