എറണാകുളം: കെ.റെയിൽ - സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പദ്ധതിക്കെതിരായ പ്രതിഷേധം ഒരു ഭാഗത്ത് നടക്കുമെന്നും എന്നാൽ സിൽവർ ലൈൻ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗെയിൽ പൈപ്പ് ലൈനെതിരെ നടന്ന പ്രതിഷേധവും ഗെയിൽ പദ്ധതി നടപ്പിലായതും കോടിയേരി ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.
സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിൽ അഭിപ്രായ വ്യത്യാസമില്ല. നയരേഖ സമയബന്ധിതമായി നടപ്പിലാക്കണമെന്നാണ് അംഗങ്ങൾ ആവശ്യപെട്ടതെന്നും കൊച്ചിയിൽ സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ കോടിയരി പറഞ്ഞു.
പൊലീസിനെതിരെ സമ്മേളനത്തിൽ വിമർശനം ഉയർന്നുവെന്ന പ്രചാരണം ശരിയല്ല. പൊലീസിൽ പാർട്ടി നയം നടപ്പിലാക്കുകയല്ല സർക്കാർ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പൊലീസിൻ്റ പ്രവർത്തനത്തിൽ ഒറ്റപ്പെട്ട വിമർശനങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരിഹരിക്കാവുന്ന വിഷയങ്ങൾ മാത്രം
റവന്യു വകുപ്പിനെതിരെ പുറത്ത് പറയത്തക വിമർശനം വന്നിട്ടില്ലെന്നും ഇടതുമുന്നണിയിൽ പരിഹരിക്കാവുന്ന വിഷയങ്ങൾ മാത്രമാണ് ഉള്ളതെന്നും കോടിയേരി പറഞ്ഞു. സമ്മേളനത്തിൽ സ്വയം വിമർശനം ഉണ്ടായിട്ടുണ്ട്. സംസ്ഥാന സെൻ്റർ കൂടുതൽ കാര്യക്ഷമമാകണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. ക്രിയാത്മകമായ നിരവധി നിർദേശങ്ങളാണ് സമ്മേളന പ്രതിനിധികൾ ഉന്നയിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ALSO READ:സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തുടരും, സെക്രട്ടേറിയറ്റിലേക്ക് പുതുമുഖങ്ങൾ
ഓൺലൈനായി പാർട്ടി ക്ലാസ് നടത്തണം, ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടണം, സ്ത്രീപക്ഷ കേരളം രൂപപ്പെടുത്തുന്നതിൽ പാർട്ടി മുൻകയ്യെടുക്കണം, കാർഷിക മേഖലയിൽ തൊഴിൽ സേന രൂപീകരിക്കണം, ന്യായവില ഉറപ്പ് വരുത്തി വിപണന സംവിധാനം ഉറപ്പ് വരുത്തണം, തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം തുടങ്ങിയ നിർദേശങ്ങൾ ഉയർന്ന് വന്നിരുന്നു.
വന്യമൃഗശല്യത്തിന് പരിഹാരം കാണണം, ജലസംരക്ഷണം പ്രധാനമായി കാണണം, പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കണം, ടൂറിസം മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, തോട്ടം തൊഴിലാളികൾക്ക് വാസയോഗ്യമായ ഇടം ഒരുക്കണം, തോട്ടം തൊഴിലാളി ഡയറക്ട്രേറ്റ് രൂപീകരിക്കണം തുടങ്ങിയ നിർദേശങ്ങളും പ്രതിനിധികൾ ഉന്നയിച്ചു. ചർച്ചകൾക്ക് നാളെ മറുപടി നൽകുമെന്നും കോടിയേരി പറഞ്ഞു.