എറണാകുളം : പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കൊച്ചി നിവാസികൾ. കോടതിയുടെ തീരുമാനം വളരെ നല്ലതെന്ന് ഓട്ടോ ഡ്രൈവർ ജെയിജ് പറഞ്ഞു. പൊളിച്ച് പൊളിയേണ്ടതാണന്ന് പാലത്തിലൂടെ നിരന്തരമായി യാത്ര ചെയ്ത തനിക്ക് നേരത്തെ ബോധ്യപ്പെട്ടതാണ്. പുതിയ പാലം വന്നാൽ മാത്രമേ ഗതാഗത കുരുക്കിന് പരിഹാരം ആകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പാലാരിവട്ടം പാലം പൊളിക്കാം: കോടതിവിധി സ്വാഗതം ചെയ്‌ത് കൊച്ചിക്കാര്‍ - പാലാരിവട്ടം പാലം പൊളിക്കും
പാലം പൊളിച്ച് മാറ്റി പുതിയത് പണിയുന്നതിലൂടെ നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.
കൊച്ചിക്കാരനെന്ന നിലയിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയാണെന്ന് പൊതുപ്രവർത്തകനായ എം.എൻ.ഗിരി പറഞ്ഞു. പാലത്തിന്‍റെ കാര്യത്തിൽ തീരുമാനം ഇത്രയും വൈകിയ സാഹചര്യത്തിൽ പൊളിച്ച് പണിയുന്നതാണ് നല്ലതെന്ന് പാലാരിവട്ടം സ്വദേശിയായ ജോസഫ് പറഞ്ഞു. എന്നാൽ ഭാരപരിശോധന നടത്താതെ എന്തിനാണ് പൊളിച്ചുമാറ്റുന്നതെന്നാണ് വ്യാപാരിയായ സുഹൈലിന്‍റെ സംശയം. പാലം അടച്ചു പൂട്ടിയത് വ്യാപാരത്തെ ബാധിച്ചു. പൊളിച്ചുനീക്കി പുതിയത് പണിയുന്നതും കച്ചവടത്തെ ബാധിക്കുമോയെന്നതാണ് സുഹൈലിന്‍റെ ആശങ്ക. സുപ്രീം കോടതി വിധിയോടെ പാലത്തിന്‍റെ കാര്യത്തിൽ ഒരു തീരുമാനമാകുമല്ലോയെന്നാണ് പൊതുവേയുള്ള ജനങ്ങളുടെ പ്രതികരണം. എങ്ങനെയായാലും പാലാരിവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം വേണം. പാലം പൊളിച്ച് മാറ്റി പുതിയത് പണിയുന്നതിലൂടെ പരിഹാരമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. നിർമാണത്തിൽ ക്രമക്കേട് നടത്തിയവർക്കെതിരെയുള്ള അന്വേഷണം പ്രഹസനമാകരുതെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.