എറണാകുളം: സംഗീത ഗോവണിക്ക് പിന്നാലെ എം.ജി റോഡ് മെട്രോ സ്‌റ്റേഷനില്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന ചാര്‍ജിങ് കിയോസ്‌ക് സജ്ജമായി. യാത്രക്കാർക്ക് വ്യായാമത്തോടൊപ്പം മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, പവര്‍ ബാങ്ക് തുടങ്ങിയവ ചാർജ് ചെയ്യാമെന്നതാണ് റൈഡ് ഓണ്‍ എന്ന് പേരിട്ടിരിക്കുന്ന ചാർജിങ് കിയോസ്‌കിന്‍റെ പ്രത്യേകത. പെഡല്‍ ചവിട്ടിക്കറക്കി ചാര്‍ജ് ചെയ്യാവുന്ന നെക്സ്റ്റ് ജനറേഷന്‍ ചാര്‍ജിങ് കിയോസ്‌കാണ് മെട്രോ സ്റ്റേഷനിലൊരുക്കിയത്.
സ്റ്റാര്‍ട് അപ്പ് സംരംഭമായ സ്‌മാഡോ ലാബ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ഈ സംവിധാനത്തിലൂടെ സാധാരണ വൈദ്യുതിയിൽ ചാർജ് ചെയ്യാവുന്ന അതേ വേഗത്തിൽ തന്നെ ചാർജ് ചെയ്യാം. പെഡൽ ചവിട്ടുന്നതിന്‍റെ വേഗതയനുസരിച്ച് ചാർജിങ്ങിന്‍റെ വേഗതയും വർധിപ്പിക്കാൻ കഴിയും. യാത്രക്കാരില്‍ വ്യായാമ ശീലം വളര്‍ത്തുക എന്നതും കൂടി ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ കൊച്ചി മെട്രോ ലക്ഷ്യമിടുന്നു. ഒരേസമയം ഒന്നിലേറെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനും റൈഡ് ഓണിൽ സൗകര്യമുണ്ട്.