ദേശീയ അംഗീകാരത്തിന്‍റെ നിറവില്‍ കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രം
സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ സംസ്ഥാനത്ത് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ലഭിക്കുന്ന മൂന്നാമത്തെ സ്ഥാപനമാണ് കീച്ചേരി.
എറണാകുളം: കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ലഭിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ഈ അംഗീകാരം നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ സ്ഥാപനമാണ് കീച്ചേരി. ജില്ലയിലെ പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നേരത്തെ ഈ അംഗീകാരം നേടിയിരുന്നു.
രോഗികൾക്കുള്ള സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന് പരിഗണിക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടണം. 88 ശതമാനം മാര്‍ക്ക് നേടിയാണ് കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഈ അംഗീകാരം നേടിയത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന വിലയിരുത്തലിന് ശേഷം ദേശീയ ടീം മൂല്യനിര്‍ണയം നടത്തി.നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ലഭിക്കുന്നതോടെ സ്ഥാപനത്തിന് ഒരു ബെഡിന് 10,000 രൂപ നിരക്കിൽ പ്രതിവർഷം ഇന്‍സെന്‍റീവ് ലഭിക്കും.