എറണാകുളം :3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. ഇവിടുത്തെ സർക്കാരിന്‍റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് എം.ഡി സാബു എം. ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വെള്ളിയാഴ്ച ഹൈദരാബാദിലെത്തും.
കേരള സര്‍ക്കാരുമായുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്‌സ് നേരത്തേ പിന്‍വാങ്ങിയിരുന്നു. തെലങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്.
വ്യവസായ മന്ത്രി കെ.ടി രാമ റാവുവിന്‍റെ ക്ഷണം സ്വീകരിച്ചാണ് നടപടി. ഇതിനായി തെലങ്കാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി വെള്ളിയാഴ്ച കൊച്ചിയിലെത്തും.
മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബിനൊപ്പം ഡയറക്ടർമാരായ ബെന്നി ജോസഫ്, കെഎൽവി നാരായണൻ, വൈസ് പ്രസിഡന്‍റ് ഓപ്പറേഷൻസ് ഹർകിഷൻ സിങ് സോധി, സി.എഫ്.ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരും സംഘത്തിലുണ്ടാകും.