എറണാകുളം:കെഎസ്‌ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നത് സുരക്ഷ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി. സുരക്ഷ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ- പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്ന് വ്യക്‌തമാക്കിയ കോടതി കെഎസ്‌ആർടിസി ബസുകളിൽ പരസ്യം പാടില്ലെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
അധിക വരുമാനത്തിന്‍റെ പേരിൽ കെഎസ്ആർടിസി, കെയുആർടിസി ബസുകളിൽ പതിച്ചിരിക്കുന്ന പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിയ്ക്കുന്നു. ഇത് സുരക്ഷ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി കൂട്ടിച്ചേർത്തു. കൂടാതെ കെഎസ്ആർടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.
വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച്ച: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തില്‍ സ്‌കൂൾ അധികൃതർക്ക് വീഴ്‌ച സംഭവിച്ചുവെന്ന് ഹൈക്കോടതി വിലയിരുത്തി. സുരക്ഷ മാനദണ്ഡം പാലിക്കാത്ത വാഹനം വിനോദയാത്രയ്ക്ക് ഉപയോഗിച്ചത് സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച്ചയാണ്. ഇത്തരം വീഴ്ച്ച വിദ്യാർഥികളുടെ വിലപ്പെട്ട ജീവൻ നഷ്‌ടപ്പെടാൻ കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകളിലും ഓട്ടോ ഷോസിലും രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യം ട്രാൻസ്പോർട്ട് കമ്മിഷണർ ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ പി.ജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് നിർദേശം നൽകി. മലപ്പുറം കെ.എം.ടി.സി കോളജിലെ എക്സ്പോയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ച സംഭവത്തിൽ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കോടതി നടപടി.
ഹൈക്കോടതി നിർദ്ദേശങ്ങൾ: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ കർശന നടപടി വേണം. ഡ്രൈവർ ക്യാബിനിലോ, യാത്രക്കാരുടെ ക്യാബിനിലോ നിയമവിരുദ്ധമായ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് ഫിറ്റ്‌നെസ് സസ്പെൻഡ് ചെയ്യണം. യാത്ര വാഹനങ്ങളിൽ ഗ്രാഫിക് സ്റ്റിക്കറുകളും മറ്റും പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം
കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി.