എറണാകുളം: ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നത് ഉള്‍പ്പടെ സ്വപ്‌ന സുരേഷ് നൽകിയ ഹർജികളിന്മേൽ വാദം പൂർത്തിയായി. ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഉള്‍പ്പടെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിൽ പങ്കാളികളായവരിൽ നിന്നുൾപ്പടെ തെളിവുകൾ ശേഖരിച്ചുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കോടതി ഇടപെടരുതെന്നും ഡയറക്‌ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, രഹസ്യമൊഴി നൽകിയതിലെ ചില വിവരങ്ങളല്ലേ സ്വപ്‌ന മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയതെന്നും ഈ വിവരങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ ഗൂഢാലോചനക്കേസിന്‍റെ ഗതി എന്താകുമെന്നും വാദ മധ്യേ കോടതി സർക്കാരിനോടാരാഞ്ഞു. രഹസ്യമൊഴി നൽകിയത് കള്ളപ്പണക്കേസിലാണ്, ഗൂഢാലോചനക്കേസുമായി അതിന് ബന്ധമില്ലെന്നുമായിരുന്നു സർക്കാരിന്‍റെ മറുപടി.