കൊച്ചി:2019 ലെ കെസിബിസി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. കെസിബിസി മീഡിയ കമ്മിഷൻ ചെയർമാൻ സെബാസ്റ്റ്യൻ തെക്കത്തെചേരിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഈ വർഷത്തെ സാഹിത്യ അവാർഡ് ജേതാവായി ഫ്രാൻസിസ് നൊറോണയെ തെരഞ്ഞെടുത്തു. 'അശരണരുടെ സുവിശേഷം' മികച്ച നോവലായി പരിഗണിക്കുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ കഥകളും അവാർഡ് നൽകുന്നതിന് കാരണമായെന്ന് കെസിബിസി മീഡിയ ചെയർമാൻ പറഞ്ഞു. ക്യാഷ് അവാർഡും, പ്രശസ്തിപത്രവും, ശിൽപവും അടങ്ങുന്നതാണ് അവാർഡ്.
കെസിബിസി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
ഈ വർഷത്തെ സാഹിത്യ അവാർഡ് ജേതാവായി ഫ്രാൻസിസ് നൊറോണയെ തെരഞ്ഞെടുത്തു
മലയാളമനോരമ പത്തനംതിട്ട ബ്യൂറോ അസിസ്റ്റന്‍റ് എഡിറ്റർ ബോബി എബ്രഹാം മീഡിയ അവാർഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മോട്ടിവേഷണൽ സ്പീക്കറും ആർ.ജെ യുമായ ജോസഫ് അന്നംകുട്ടി ജോസാണ് യുവപ്രതിഭ അവാർഡിന് അർഹനായത്. 40 വയസ്സിനു താഴെയുള്ള യുവാക്കളെയാണ് യുവപ്രതിഭ അവാർഡിനായി പരിഗണിച്ചത്.
പ്രശസ്ത നോവലിസ്റ്റും ചലച്ചിത്ര സംവിധായകനുമായ സി രാധാകൃഷ്ണനാണ് സംസ്കൃതി പുരസ്കാരത്തിന് അർഹനായത്. കലാ സാഹിത്യ സാംസ്കാരിക ദാർശനിക മാധ്യമ രംഗങ്ങളിൽ വിശിഷ്ടസേവനം കാഴ്ചവച്ചവരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ നൽകുന്ന പുരസ്കാരങ്ങളാണ് കെസിബിസി മാധ്യമ അവാർഡുകൾ.