എറണാകുളം: കൊച്ചി കലൂരിൽ കാറിടിച്ച് മാലിന്യ ശേഖരണ തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ യുവാക്കൾക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവർക്കെതിരെയാണ് പോക്‌സോ വകുപ്പ് കൂടി ചുമത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്‌ച വൈകീട്ടാണ് സംഭവം. അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലും ഇടിച്ചതിന് ശേഷം മാലിന്യം ശേഖരിക്കുന്ന ഉന്തുവണ്ടിയുമായി പോകുന്ന തൊഴിലാളിയെയും ഇടിക്കുകയായിരുന്നു. സംഭവശേഷം നിർത്താതെ പോയ പ്രതികളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കാര്‍ ഓട്ടോറിക്ഷയെ ഇടിയ്ക്കുന്നതിന്‍റെ സിസിടിവി ദൃശ്യം Also read: അമ്പലമുക്ക് കൊലപാതകം: പ്രതി കൊടും കുറ്റവാളി, വിനീത അഞ്ചാമത്തെ ഇര
ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾ രക്ഷപ്പെട്ടതായി നാട്ടുകാർ എറണാകുളം നോർത്ത് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേ കുറിച്ച് അന്വേഷിച്ച പൊലീസ് പെൺകുട്ടികളെ കണ്ടെത്തി ചോദ്യം ചെയ്‌തതില്‍ നിന്നാണ് പെൺകുട്ടികളിൽ ഒരാളെ ലഹരി മരുന്ന് നൽകി ലൈംഗികമായി ചൂഷണം ചെയ്‌തതായി വ്യക്തമായത്. തുടര്‍ന്ന് പ്രതികൾക്കെതിരെ പോക്സോ വകുപ്പ് കൂടി ചുമത്തുകയായിരുന്നു.
നേരത്തെ പരിശോധനയില്‍ പ്രതികളുടെ വാഹനത്തില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പൊലീസ് കണ്ടെടുത്തിരുന്നു. കാർ ഓട്ടോയിലിടിച്ച് നിർത്താതെ പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.