എറണാകുളം:സിൽവർ ലൈൻ പ്രൊജക്‌ടിന്‍റെ സർവേ നടപടികൾ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാരിന് സര്‍വേ നടപടികളുമായി മുന്നോട്ട് പോകാം. സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. ഡി.പി.ആർ വിശദാംശങ്ങൾ അറിയിക്കണമെന്ന സിംഗിൾ ബെഞ്ച് നിർദേശവും ഹൈക്കോടതി ഒഴിവാക്കിയിട്ടുണ്ട്.
പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവെ ആന്‍റ് ബൗണ്ടറി ആക്‌ട് പ്രകാരം സർവെ നടത്താമെന്ന് അപ്പീൽ പരിഗണിച്ച വേളയിൽ തന്നെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹർജിക്കാരുടെ ഭൂമിയിൽ സർവെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് സർക്കാർ
സിൽവർ ലൈൻ സർവേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. സർക്കാരിന്‍റെ വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹർജിയിലെ പരിഗണന വിഷയങ്ങൾക്കപ്പുറം കടന്നാണ് സിംഗിൾ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.