എറണാകുളം: സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിൽ അമേരിക്കൻ കമ്പനിയായ ഇഎംസിസിക്ക് വൻ നിക്ഷേപം നടത്താനുള്ള ധാരണാ പത്രം ഒപ്പിട്ടത് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ അറിവോടെയാണെന്ന് മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ് ആരോപിച്ചു. കേരള ഷിപ്പിംഗ് ആന്‍റ് ഇൻലാന്‍റ് നാവിഗേഷൻ കോർപ്പറേഷനുമായി ഇഎംസിസി ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ ജെ.മേഴ്‌സിക്കുട്ടിയമ്മയെ കണ്ടിരുന്നുവെന്നും പുതുതായി ആഴക്കടൽ മത്സ്യബന്ധനത്തിന് നാനൂറ് ബോട്ടുകൾ അനുവദിക്കാനുള്ള കരാറിലെ വ്യവസ്ഥ നൂറ് എന്നാക്കിയാൽ സ്വീകാര്യമാണോയെന്ന് മന്ത്രി ചോദിച്ചുവെന്നും ചാൾസ് ജോർജ് കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കവെ വെളിപ്പെടുത്തി.
എക്‌സ്ക്ലൂസീവ്: മത്സ്യ ബന്ധന മേഖലയെ അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാനുള്ള കരാറില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കും പങ്കുണ്ടെന്ന് ആരോപണം പുതിയ ബോട്ടുകൾക്ക് അനുമതി നൽകേണ്ടന്ന് തീരുമാനിച്ച സർക്കാറിന് എങ്ങിനെ ഇത്തരമൊരു തീരുമാനമെടുക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. അമേരിക്കൻ കമ്പനിയുമായി ആദ്യം ചർച്ച നടത്തിയത് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയാണ്. ഇത് കമ്പനി സർക്കാരിന് നൽകിയ കൺസെപ്റ്റ് നോട്ടിൽ പറയുന്നുണ്ടെന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു. 270 വിദേശ യാനങ്ങൾക്ക് ഇന്ത്യയിലെ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകാമെന്ന് നിർദേശിച്ച മീനാകുമാരി കമ്മീഷൻ റിപ്പോർട്ടിനെ ചെറുത്ത് തോല്‍പ്പിച്ച ഇടത് സർക്കാരിന് യോജിച്ച നടപടിയല്ല ഇപ്പോൾ സ്വീകരിച്ചതെന്നും ചാൾസ് കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് മാറ്റമാണിത്. കേന്ദ്ര സർക്കാരിന്‍റെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന സർക്കാറിന് എങ്ങനെ ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാൻ കഴിയുമെന്നും കേരളത്തിന്‍റെ മത്സ്യ ബന്ധന മേഖലയെ പൂർണമായും വിദേശ കുത്തകൾക് തീറെഴുതാനുള്ള കരാർ റദ്ദാക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുെമന്നും ചാള്‍സ് ജോര്‍ജ് പറഞ്ഞു. കേരളത്തിലെ മുഴുവൻ ഫിഷറീസ് സംഘടനകളും ഒറ്റക്കെട്ടായി അണിനിരക്കുമെന്നും സംഘടനകളുടെ സംയുക്ത യോഗം ശനിയാഴ് വൈകുന്നേരം കൊച്ചിയിൽ ചേരുമെന്നും തുടർന്ന് സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും ചാൾസ് ജോർജ് പറഞ്ഞു.
നാനൂറ് ആഴക്കടൽ യാനങ്ങൾ, ബോട്ടുകളും മദർ വെസലുകളും അടുപ്പിക്കാൻ പുതിയ ഹാർബറുകൾ, നൂറോളം പുതിയ സംസ്കരണ ശാലകൾ, ഇരുന്നൂറ് പുതിയ ചില്ലറ മത്സ്യവിപണന കേന്ദ്രങ്ങൾ, മത്സ്യ കയറ്റുമതിക്ക് പുതിയ സംവിധാനങ്ങൾ ഉൾപ്പടെ മത്സ്യബന്ധന മേഖലയിൽ വൻ നിക്ഷേപമാണ് അമേരിക്കൻ കമ്പനിയായ ഇഎംസിസി ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഇരുപത്തിയഞ്ച് വർഷത്തേക്ക് കമ്പനിക്കായിരിക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. ഇതോടെ കേരളത്തിന്‍റെ മത്സ്യ ബന്ധന മേഖല പൂർണ്ണമായും കുത്തക കമ്പനിക്ക് കീഴിലാകുമെന്നാണ് മത്സബന്ധന മേഖലയിലെ സംഘടനകൾ പരാതിപ്പെടുന്നത്.