എറണാകുളം :കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് (30-6-2022) വീണ്ടും പരിഗണിക്കും. നേരത്തെ ഹർജികൾ പരിഗണിക്കവെ സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ ഇടുന്നതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. കല്ലിടലിന്‍റെ പേരിൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടായതും കോടതി ചോദ്യം ചെയ്‌തിരുന്നു.
എന്നാൽ, സാമൂഹികാഘാത പഠനവുമായി മുന്നോട്ട് പോകുന്നതിൽ തടസമില്ലെന്നാണ് കോടതി ഇതുവരെ സ്വീകരിച്ച നിലപാട്. അതേസമയം സാമൂഹികാഘാത പഠനത്തിനടക്കം അനുമതി നൽകിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ പദ്ധതിയുടെ സർവേക്ക് കേന്ദ്രാനുമതിയില്ലെന്ന വിശദീകരണത്തിൽ കോടതി വ്യക്തത തേടിയിട്ടുണ്ട്.