എറണാകുളം : ഗുരുവായൂർ ക്ഷേത്രത്തില്‍ നടന്ന രവി പിള്ളയുടെ മകന്‍റെ വിവാഹത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന് ഹൈക്കോടതി. പുറത്തുവന്ന ദൃശ്യങ്ങളിൽ ആൾക്കൂട്ടം വ്യക്തമാണെന്നും അമ്പലത്തിലെ വിവാഹ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കൂടാതെ തൃശൂർ എസ്.പി, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേർത്തു.
നിലവിൽ ക്ഷേത്രത്തിൽ ഒരു വിവാഹ സംഘത്തിനൊപ്പം 12 പേർക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്. എന്നാൽ രവി പിള്ളയുടെ മകന്‍റെ വിവാഹത്തിൽ ഇത് പാലിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ അമ്പലത്തിൽ സ്വകാര്യ സെക്യൂരിറ്റിക്കാരെ അനുവദിച്ചത് എന്തിനെന്ന് കോടതി ചോദിച്ചു.
എല്ലാ ഭക്തർക്കും ഒരു പോലെ വിവാഹം നടത്താൻ അവസരമുണ്ടാകണമെന്ന് പറഞ്ഞ കോടതി നടപ്പന്തല്‍ ഓഡിറ്റോറിയമാക്കിയെന്നും വിമർശിച്ചു. വിവാഹത്തിന്‍റെ ഭാഗമായി നടപ്പന്തൽ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി നേരത്തേയും വിമർശനമുന്നയിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചിരുന്നു.
ALSO READ:രവി പിള്ളയുടെ മകന്‍റെ വിവാഹം: ദേവസ്വം അഡ്മിനിസ്ട്രേറ്ററോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി
രവി പിള്ളയുടെ മകന്‍റെ വിവാഹത്തിന്‍റെ ഭാഗമായി നടപ്പന്തലിലെ കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദേശത്തെ തുടർന്ന് നീക്കിയിരുന്നു. എന്നാൽ മറ്റ് അലങ്കാരങ്ങൾ മാറ്റിയിരുന്നില്ല. ഇതിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അടുത്ത മാസം അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.