എറണാകുളം : കെ-റെയിൽ നടപ്പാക്കുന്ന സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് നാല് കാര്യങ്ങളിൽ വ്യക്‌തത വേണമെന്ന് ഹൈക്കോടതി. മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നത്, സമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ, പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ എന്നിവ അറിയിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദ്ദേശം നൽകി.
'മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നത്' ; നാല് കാര്യങ്ങളിൽ വ്യക്‌തത വേണമെന്ന് ഹൈക്കോടതി
കോടതി വിശദീകരണം തേടിയത് സിൽവർ ലൈൻ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ ഹർജികളില്‍
സാമൂഹികാഘാത പഠനത്തിന്‍റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. സർവേ കല്ലുകൾ സ്ഥാപിച്ചാൽ ബാങ്കുകൾ ലോൺ നൽകുമോയെന്നും കോടതി ചോദിച്ചു. സിൽവർ ലൈൻ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരണം തേടിയത്.
നേരത്തെ സമാനമായ മറ്റ് ഹർജികളിൽ സിംഗിൾ ബഞ്ച് സർവേ നടപടികൾ തടഞ്ഞിരുന്നു. എന്നാൽ ഡിവിഷൻ ബഞ്ച് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നു. പിന്നീട് സുപ്രീം കോടതിയും ഡിവിഷൻ ബഞ്ച് ഉത്തരവ് ശരിവയ്ക്കുകയും സിംഗിൾ ബഞ്ചിനെ വിമർശിക്കുകയും ചെയ്തിരുന്നു.