എറണാകുളം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെയും റെയിൽവേയുടെയും അനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുകയുള്ളുവെന്ന് സർക്കാർ. സർവെ അടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭ പ്രവർത്തങ്ങളാണന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു. അന്തിമ അനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ആരോപിച്ച് കോട്ടയം ജില്ലക്കാരനായ മുളകുളം പെരുവ സ്വദേശി എം.ടി.തോമസ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.
കെ.റെയിൽ പദ്ധതിക്ക് തത്വത്തിൽ അനുമതിയുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പദ്ധതിക്ക് പണം കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനം നടത്തുന്നതിനും വിദഗ്‌ധ സമിതി രുപീകരിക്കുന്നതിൽ കഴിഞ്ഞ ഓഗസ്റ്റിൽ അനുമതി ലഭിച്ചിരുന്നു. പൊതുതാൽപര്യം മുൻ നിർത്തിയാണ് സർക്കാർ വൻകിട പദ്ധതി നടപ്പാക്കുന്നത്.