എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളത്തെ എ.സി.ജെ.എം. കോടതിയാണ് അനുമതി നൽകിയത്. മുഖ്യകണ്ണിയും രണ്ടാം പ്രതിയുമായ കെടി റമീസ് ഉൾപ്പടെ ആറു പ്രതികളെയാണ് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുക. പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം എ.സി.ജെ.എം കോടതിയിൽ നൽകിയ അപേക്ഷ അംഗീകരിക്കുകയായിരുന്നു.
സ്വർണക്കടത്ത് കേസ്; പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി
മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായവർ സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കും.
മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായവർ സ്വർണ്ണക്കടത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കും. നേരത്തെ കസ്റ്റംസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധിക്കാത്തതിനാലാണ് ജയിലിൽ വച്ച് ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. കേസിലെ രണ്ടാം പ്രതി കെടി റമീസ്, മറ്റ് പ്രതികളായ ഷാഫി, പിടി അബ്ദു, ഹംജദ് അലി, സെയ്ദലവി, ഹംസദ് അബ്ദുൾ സലാം എന്നിവരെയാണ് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നത്. ജയിലധികൃതരുടെ സാന്നിധ്യത്തിൽ പ്രതികളെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന് കോടതി അനുമതി നൽകിയത്.
ബെംഗളുരു മയക്കുമരുന്ന് കേസിലെ പ്രതികളുമായി റീമീസിനുള്ള ബന്ധവും ചോദ്യം ചെയ്യലിന് കാരണമായെന്നാണ് സൂചന. മയക്ക് മരുന്ന് കേസിലെ പ്രതി അനുപ് മുഹമ്മദിന്‍റെ ഫോണിൽ നിന്നും കെടി റമീസിന്‍റെ നമ്പർ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.