എറണാകുളം :ഗൂഢാലോചന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് മാനസികമായി പീഡിപ്പിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ സാമ്പത്തിക ഇടപാടുകളുടെ തെളിവുകള്‍ ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന ആരോപിച്ചു.
രഹസ്യ മൊഴിയിലെ കാര്യങ്ങള്‍ അറിയണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്‍റെ ആവശ്യം. അഡ്വ. കൃഷ്‌ണരാജിന്‍റെ വക്കാലത്ത് ഒഴിയാന്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷണ സംഘം ഒന്നും ചോദിച്ചില്ലെന്നും അവര്‍ പറഞ്ഞു.
സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് രഹസ്യ മൊഴി നൽകിയത് തനിക്കെതിരായ ഇഡി കേസിലാണ്. 164 മൊഴിക്ക് വിലയില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ തെളിവുകൾ നല്‍കിയില്ലെങ്കില്‍ 770 ഓളം വരുന്ന കലാപ കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി.
എച്ച്‌ആര്‍ഡിഎസില്‍ നിന്ന് പുറത്താക്കിയത് ഞെട്ടലുണ്ടാക്കി. ആദ്യമായാണ് ഒരു സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്നത്. തനിക്ക് ശമ്പളവും വാഹനവും നൽകിയ സ്ഥാപനത്തെ മുഖ്യമന്ത്രി നിയമസഭയിൽ വിമർശിച്ചു.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എച്ച്ആർഡിഎസിനെ ദ്രോഹിക്കുകയാണ്. വേറെ വഴിയില്ലാത്തതിനാലാണ് അവരുടെ നടപടി. മുഖ്യമന്ത്രിക്ക് മാത്രമല്ല മകളുള്ളതെന്നും തൻ്റെയും കുടുംബത്തിൻ്റെയും അന്നം മുട്ടിച്ച മുഖ്യമന്ത്രിക്ക് സമാധാനമായോ എന്നും സ്വപ്‌ന ചോദിച്ചു. ജോലിയില്ലെങ്കിലും സത്യം പുറത്തുകൊണ്ടുവരാൻ താൻ പോരാടുമെന്നും സ്വപ്‌ന പറഞ്ഞു.