എറണാകുളം: സെപ്റ്റംബർ പത്തിനകം പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതനുസരിച്ചുള്ള പ്രവർത്തനമാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്നും വാക്‌സിന്‍ ലഭ്യത കൂടി ആശ്രയിച്ചായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിനാവശ്യമായ വാക്‌സിന്‍ ഡോസുകള്‍ക്ക് വേണ്ടി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിൽ പതിനെട്ട് വയസിന് മുകളിലുള്ള മുൻഗണന വിഭാഗത്തിൽപ്പെട്ട 86 ശതമാനം പേർക്കും വാക്‌സിന്‍ നൽകി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
മാർച്ച് മുതൽ മുടങ്ങിക്കിടക്കുന്ന എറണാകുളം മെഡിക്കൽ കോളേജിലെ നിർമാണ പ്രവർത്തനങ്ങൾ രണ്ട് ദിവസത്തിനകം ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത വർഷം നവംബർ മാസത്തോടെ പുതിയ ബ്ലോക്കിന്‍റെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.