എറണാകുളം: കൊവിഡിന്‍റെ മറവിൽ കേന്ദ്ര സർക്കാർ ജനങ്ങൾക്കെതിരെ പ്രഖ്യാപിച്ച യുദ്ധപ്രഖ്യാപനമാണെന്ന് ഇന്ധന വില വർധനയെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കഴിഞ്ഞ ഒമ്പത് ദിവസമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി വർധിപ്പിക്കുന്നു. വില വർധനവിൽ സർവകാല റെക്കോർഡാണിത്. എൻ.ഡി.എ അധികാരത്തിൽ വന്നശേഷം പെട്രോളിന്‍റെ നികുതി മൂന്നര മടങ്ങ് വർധിപ്പിച്ചു. ഡീസലിന്‍റെ നികുതി ഒമ്പത് മടങ്ങാണ് വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വര്‍ധന ജനങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് തോമസ് ഐസക് - എക്സൈസ് ഡ്യൂട്ടി
ക്രൂഡ് വില കുറയുന്ന വേളയിൽ നികുതി വർധിപ്പിച്ച് വിലക്കുറവിന്‍റെ ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ ജനങ്ങൾക്ക് നിഷേധിക്കുകയാണെന്നും ധനമന്ത്രി
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ബാരലിന് 108 രൂപയുണ്ടായിരുന്നത് 38 രൂപയായി കുറഞ്ഞിരിക്കുകയാണ്. ക്രൂഡ് വില കുറയുന്ന വേളയിൽ നികുതി വർധിപ്പിച്ച് വിലക്കുറവിന്‍റെ ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ ജനങ്ങൾക്ക് നിഷേധിക്കുകയാണ്. നികുതി വർധനവിലൂടെ രണ്ടര ലക്ഷം കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ കേന്ദ്രത്തിന് ലഭിക്കുന്നത്.
അതേ സമയം കോർപറേറ്റുകൾക്ക് ഒന്നര ലക്ഷം കോടി രൂപയുടെ നികുതി ഇളവാണ് നൽകുന്നത്. രാജ്യത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കുന്നില്ല. എക്സൈസ് ഡ്യൂട്ടിയായിരുന്നു വര്‍ധിപ്പിച്ചിരുന്നതെങ്കിൽ സംസ്ഥാനങ്ങൾക്ക് 42 ശതമാനം ലഭിക്കുമായിരുന്നു. സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി വർധിപ്പിക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് നികുതി വർധനവിന്‍റെ നേട്ടം ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തികച്ചും ജനവിരുദ്ധ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇത് രാജ്യത്ത് മാന്ദ്യത്തോടൊപ്പം വില വർധനവും സൃഷ്ടിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.