കേരളം

kerala

ETV Bharat / city

സുഗന്ധം പൊഴിച്ച് ഈദുല്‍ ഫിത്വര്‍ - ഇസ്ലാം മതവിശ്വാസികൾ

ഒരു മാസത്തെ വ്രതാനുഷ്ഠാനം വിജയകരമായി പൂർത്തിയാക്കിയതിന്‍റെ വിളംബരം കൂടിയാണ് ചെറിയ പെരുന്നാൾ ആഘോഷം

eid story from eranakulam district  ഈദുല്‍ ഫിത്വര്‍  ഇസ്ലാം മതവിശ്വാസികൾ  eid
സുഗന്ധം പൊഴിച്ച് ഈദുല്‍ ഫിത്വര്‍

By

Published : May 24, 2020, 10:37 AM IST

Updated : May 24, 2020, 12:02 PM IST

എറണാകുളം:സംസ്ഥാനത്ത് മുസ്‌ലിംങ്ങള്‍ ഈദുൽ ഫിത്വർ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പള്ളികൾ അടഞ്ഞുകിടക്കുന്നതിനാൽ വീടുകളിലായിരുന്നു വിശ്വാസികളുടെ പെരുന്നാൾ നമസ്കാരം. മനസും ശരീരവും സൃഷ്ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച മുപ്പത് ദിനങ്ങൾക്ക് ശേഷമാണ് ചെറിയ പെരുന്നാൾ സമാഗതമായത്.

ശരീര ഇച്ഛകളെ അതിജീവിച്ച്, വാക്കിലും പ്രവൃത്തിയിലും പ്രലോഭനങ്ങളെ തോല്‍പ്പിച്ചവര്‍ക്ക് സന്തോഷിക്കാനുള്ള വക നൽകുകയാണ് പെരുന്നാൾ. ഒരുമയുടെയും ഐക്യത്തിന്‍റെയും മഹത്തായ സന്ദേശം കൂടിയാണ് ഈദ് വിളംബരം ചെയ്യുന്നത്. അറ്റുപോയ വ്യക്തിബന്ധങ്ങൾ വിളക്കിച്ചേർക്കുകയും ഉള്ളവ ഊട്ടിയുറപ്പിക്കുകയുമാണ് ഈദ് ആലോഷത്തിന്‍റെ കാതൽ. ആവർത്തിക്കപ്പെടുന്നത് എന്ന് അർഥം വരുന്ന ഈദ് പകർന്ന് നൽകുന്നത് സ്നേഹവും സഹിഷ്ണുതയുമാണ്. വ്രതനാളുകളിൽ നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിക്കാൻ ഒരോ വിശ്വാസിയും ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ജംയ്യത്തുൽ ഉലമ എറണാകുളം ജില്ലാ സെക്രട്ടറി വി.എച്ച് അലി ദാരിമി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഈദ് ആഘോഷം പൂർണമായും വീടുകളിലൊതുക്കണം.അതേസമയം പ്രയാസമനുഭവിക്കുന്നവരെ സഹായിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് പറഞ്ഞു. ലഭ്യമായ ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും, നേരിട്ട് ഈദ് ആശംസകൾ നൽകുന്നതിന് പകരം സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സുഗന്ധം പൊഴിച്ച് ഈദുല്‍ ഫിത്വര്‍

വിശ്വാസിയുടെ ആഘോഷങ്ങൾക്ക് മഹത്തായൊരു സംസ്കാരമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇവിടെ ആഘോഷങ്ങൾ ക്രമീകരിക്കപ്പെട്ടത്. സുഗന്ധം പൊഴിക്കുന്ന മനസും ശരീരവുമായി പെരുന്നാൾ നമസ്കാരത്തിനായി പള്ളികളിൽ ഒത്തുകൂടിയിരുന്ന ആഘോഷത്തിന്‍റെ ഓർമകൾ കൂടിയാണ് ഈ ദിനത്തിൽ വിശ്വാസികളുടെ മനസുകളിലേക്ക് കടന്നുവരുന്നത്. അതോടൊപ്പം മഹാമാരിയൊഴിഞ്ഞുള്ള നല്ല നാളേക്ക് വേണ്ടിയുള്ള പ്രാർത്ഥനകളിലും അവർ വ്യാപൃതരാവുകയാണ്. വിശുദ്ധ റമദാനിൽ നേടിയെടുത്ത നന്മകൾ കാത്ത് സൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഒരോ വിശ്വാസിയും ഈദ് ആഘോഷം പൂർത്തിയാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഈദ് ആഘോഷം വീടുകളിലൊതുക്കിയും സഹജീവികളെ സഹായിച്ചും പുതിയൊരു ആഘോഷ സംസ്ക്കാരത്തെ കൂടിയാണ് ഇത്തവണത്തെ ഈദുൽ ഫിത്വർ അടയാളപ്പെടുത്തുന്നത്.

Last Updated : May 24, 2020, 12:02 PM IST

ABOUT THE AUTHOR

...view details