എറണാകുളം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നു. നോട്ടിസ് നൽകി ഇഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കല്‍. കൊച്ചി സോൺ അഡിഷണൽ ഡയറക്‌ടർ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് നടപടികള്‍.
സ്വപ്‌ന നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ. ഇരുപത്തിയേഴ് പേജുള്ള രഹസ്യ മൊഴിയുടെ പകർപ്പ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഇഡിക്ക് ലഭിച്ചിരുന്നു. 164 പ്രകാരം മജിസ്ട്രേറ്റിന് സ്വപ്‌ന നൽകിയ മൊഴി ഇഡി വിശദമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്നത്.
രഹസ്യമൊഴിയിലെ ആരോപണങ്ങള്‍ : സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്‌ത് ഇഡി ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വപ്‌ന കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി നൽകിയ ശേഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ദുബായിലേക്ക് കറൻസി കടത്തി, ദുബായ് കോൺസുൽ ജനറലിന്‍റെ വസതിയിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് വഴി കനമുള്ള ലോഹ കട്ടികൾ കടത്തി, എന്നിങ്ങനെയാണ് സ്വപ്‌ന ആരോപിച്ചത്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടാൻ സ്വപ്‌ന തയ്യാറായിട്ടില്ല. രഹസ്യമൊഴിയിൽ ഇവ നൽകിയെന്നായിരുന്നു സ്വപ്‌ന അവകാശപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, ഭാര്യ കമല , മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരെയും സ്വപ്‌ന ആരോപണമുന്നയിച്ചിരുന്നു.
സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇഡി സ്വീകരിക്കുന്ന തുടർ നടപടികൾ നിർണായകമാണ്. രഹസ്യമൊഴി നൽകുന്നതിന് മുമ്പ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ സ്വപ്‌ന ഉന്നയിച്ചിരുന്നു.