എറണാകുളം:കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ വീണ്ടും എതിര്‍ത്ത് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യുണീടാക്കില്‍ നിന്ന് ശിവശങ്കറിന് ലഭിച്ച കമ്മിഷനാണെന്നാണ് ഇഡി കണ്ടെത്തല്‍. സ്വപ്‌നയാണ് ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരിക്കുന്നതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
"ലോക്കറിലെ ഒരു കോടി ശിവശങ്കറിന് കിട്ടിയ കമ്മിഷൻ "; ജാമ്യം നല്‍കരുതെന്ന് ഇഡി - ശിവശങ്കര്‍
ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
ശിവശങ്കറിനെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത് ഏത് സാഹചര്യത്തിലാണന്ന് ഇഡി കോടതിയിൽ വിശദീകരിക്കും. നിലവിൽ എം.ശിവശങ്കർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്ന വേളയിൽ ഇഡി കേസിൽ മാത്രമായിരുന്നു ശിവശങ്കർ പ്രതിയായിരുന്നത്. എന്നാൽ ഇപ്പോൾ സ്വർണക്കടത്ത് കേസിലും എം.ശിവശങ്കർ പ്രതിയാണ്. എൻഫോഴ്സ്മെന്‍റിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് ഹാജരാവുക.
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തനിക്കെതിരെ തെളിവുകളില്ലെന്നുമാണ് ശിവശങ്കറിന്‍റെ പ്രധാന വാദം. പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ പ്രതി ചേർത്തത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജാമ്യം നൽകണമെന്നും എം. ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.