എറണാകുളം:കൊച്ചി കോർപ്പറേഷൻ കടവന്ത്ര ഡിവിഷൻ കൗൺസിലർ സുജ ലോനപ്പന്‍റെ ഭർത്താവിനെ കാറിടിച്ച് വീഴ്ത്തിയതായി പരാതി. കാറിൽ എത്തിയ ആൾ പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ ശ്രമിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു ആക്രമണം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ഈ പ്രദേശത്ത് റോഡിൽ സ്ഥിരമായി വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നതിനെതിരെ ജനങ്ങൾ സംഘടിതമായി പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരുന്നു. കാറിലെത്തി റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞത് ലോനപ്പൻ ചോദ്യം ചെയ്യുകയും ഇത് വലിച്ചെറിഞ്ഞ ആളെ കൊണ്ട് തന്നെ എടുപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ലോനപ്പൻ പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്നും ഇരുചക്ര വാഹനത്തിൽ മടങ്ങിയ ലോനപ്പനെ പിന്തുടർന്ന് എത്തിയായിരുന്നു ഇയാൾ കാറിടിപ്പിച്ചത്. സാരമായി പരിക്കേറ്റ ലോനപ്പനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ല് പൊട്ടിയതിനെ തുടർന്ന് കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാളുടെ പേരു വിവരങ്ങൾ പൊലീസിനെ അറിയിച്ചതായും കൗൺസിലർ സുജ ലോനപ്പൻ പറഞ്ഞു. രാത്രി സമയങ്ങളിൽ കൊച്ചിയിൽ വ്യാപകമായി റോഡരികിൽ മാലിന്യം തള്ളുന്നത് സ്ഥിരം സംഭവമാണ്. ഇതേ തുടർന്ന് തെരുവ് നായ ശല്യവും ദുർഗന്ധവും അസഹനീയമാണ്. എന്നാൽ ഇതിനെതിരെ പരാതികൾ ഉയരാറുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.
ALSO READ:മാറ്റമില്ലാതെ പെട്രോൾ വില; ഡീസലിന് 20 പൈസ കുറഞ്ഞു