എറണാകുളം :പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് വൻതോതിൽ ലഹരിക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് കാലടിയിൽ എക്സൈസ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. ലഹരിക്കടത്ത് കേസിൽ മുംബൈയിൽ അറസ്റ്റിലായ മുഖ്യപ്രതി വിജിൻ വർഗീസിന്‍റെ യമിറ്റോ ഇന്‍റർനാഷണൽ എന്ന സ്ഥാപനത്തിലാണ് എൻഫോഴ്സ്മെന്‍റ് പരിശോധന നടത്തിയത്.
പ്രതി വിജിന്‍റെ സഹോദരങ്ങളാണ് ഈ സ്ഥാപനം നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന നൂറ് കിലോയോളം പഴവർഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന പെട്ടികൾ അഴിച്ച് എക്സൈസ് പരിശോധിക്കുകയാണ്. രാവിലെ(ഒക്‌ടോബര്‍ 5) തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. അതേസമയം പരിശോധനയിൽ സംശയാസ്‌പദമായി എന്തെങ്കിലും കണ്ടെത്തിയതായി വിവരങ്ങളില്ല.
കഴിഞ്ഞ ദിവസം ഡിആർഐ സംഘവും ഇതേ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. പഴം ഇറക്കുമതി ചെയ്യുന്ന യമിറ്റോ ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്‍റെ ഇടപാടുകളാണ് പരിശോധിച്ചത്. ഈ സ്ഥാപനത്തിലേക്കും ദക്ഷിണാഫ്രിക്കയിൽ നിന്നാണ് പഴം ഇറക്കുമതി നടത്തിയിരിക്കുന്നത്. മാസ്‌ക് ഇറക്കുമതിയും സ്ഥാപനം നടത്തിയിരുന്നു.