എറണാകുളം: മുൻ മിസ് കേരള ഉൾപ്പെടെ (Death of Models) മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരായ റിമാന്‍ഡ് റിപ്പോർട്ടിൽ പൊലീസ് (Ernakulam Police) ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. രണ്ടാം പ്രതിയും ഹോട്ടലുടമയുമായ (No18 Hotel) റോയി വയലാട്ട് കാറോടിച്ച അബ്‌ദുറഹ്മാനും സുഹൃത്തുക്കൾക്കും മദ്യവും മയക്കുമരുന്നും നൽകിയെന്ന് പൊലീസ്. ഇക്കാര്യം അന്വേഷണത്തിൽ കണ്ടത്തിയിട്ടുണ്ട്. ഇത് പുറത്ത് വരാതിരിക്കാനാണ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടമുണ്ടായത് ചേസിങ്ങിനിടെ
ഡി ജെ പാർട്ടി നടന്നത് നമ്പർ 18 ഹോട്ടലിൻ്റെ റൂഫ് ടോപ്പിലാണ്. റൂഫ് ടോപ്പിലെ ക്യാമറയിലേക്കുള്ള വൈദ്യുതി ഉച്ചക്ക് തന്നെ വിച്ഛേദിച്ചിരുന്നു. ഹോട്ടലുടമയും സുഹൃത്ത് സൈജുവും തെറ്റായ ഉദ്ദേശത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചിരുന്നു. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ സൈജുവും റോയിയും ഇക്കാര്യം സംസാരിച്ചു.
കാർ കുണ്ടന്നൂരിലെത്തിയപ്പോൾ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാൻ വാഹനം നിർത്തി. അവിടെ വച്ച് ഹോട്ടലിലോ ലോഡ്‌ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിർബന്ധിച്ചുവെങ്കിലും യുവതികളും സുഹൃത്തുക്കളും വഴങ്ങിയില്ല. പിന്നീട് അമിത വേഗതയിൽ ഇരുകാറുകളും ചേസ് ചെയ്‌തു.