എറണാകുളം: പ്രായപരിധി കർശനമായി നടപ്പിലാക്കി സിപിഎം. സംസ്ഥാന സമിതിയിൽ നിന്നും ജി.സുധാകരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കള ഒഴിവാക്കി. മൂന്ന് പതിറ്റാണ്ട് കാലമായി നേതൃരംഗത്ത് നിറഞ്ഞ് നിന്ന ജി.സുധാകരൻ സിപിഎം സംസ്ഥാന നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതാണ് കൂടുതൽ ശ്രദ്ധേയമായത്.
സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി.സുധാകരൻ സംസ്ഥാന കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. ആലപ്പുഴയിലെ പാർട്ടിയിലെ പ്രശ്‌നങ്ങളുടെ പേരിൽ നേതൃത്വവുമായി ജി.സുധാകരൻ പാർട്ടിയുമായി അകൽച്ചയിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിസഹകരണത്തിന്‍റെ പേരിൽ പാർട്ടി ശാസനയ്ക്കും ജി.സുധാകരൻ വിധേയമായിരുന്നു.
സംസ്ഥാന സമിതി അംഗങ്ങളുടെ പ്രായപരിധി കേന്ദ്ര നേതൃത്വം എഴുപത്തിയഞ്ച് വയസായി നിശ്ചയിച്ചിരുന്നു. എന്നാൽ എഴുപത്തിയഞ്ച് വയസാകുന്ന ജി.സുധാകരന് ഇളവ് ലഭിക്കുമോയെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. എന്നാൽ പ്രായപരിധി കർശനമായി നടപ്പിലാക്കാനാണ് എറണാകുളം സിപിഎം സമ്മേളനത്തിൽ തീരുമാനിച്ചത്. അതേസമയം മുഖ്യമന്ത്രിക്കു മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കാൻ സിപിഎം തീരുമാനിച്ചു.
പ്രായപരിധി കർശനമായി നടപ്പിലാക്കുന്നതോടെ നേതൃരംഗത്തേക്ക് യുവനിരയ്ക്ക് കൂടുതൽ പ്രതിനിധ്യമാണ് ലഭിക്കുന്നത്. എഎ റഹിം, വിപി സാനു, എം.വിജിൻ തുടങ്ങിയവർ സംസ്ഥാന സമിതിയിലേക്കും എം.സ്വരാജ്, ടിവി രാജേഷ്, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർ സെക്രട്ടേറിയറ്റിലേക്കും എത്തുമെന്നാണ് വിലയിരുത്തൽ.
READ MORE:സിപിഎം സെക്രട്ടേറിയറ്റിലേക്ക് ആറ് പുതുമുഖങ്ങൾ; പ്രായപരിധി കർശനം, കേന്ദ്ര നേതാക്കൾ ഒഴിയും