എറണാകുളം:സിപിഎമ്മിനെതിരെ വലതുപക്ഷ-വർഗീയ-മുതലാളിത്ത ശക്തികളും മാധ്യമങ്ങളും ചേർന്ന് വിമർശനങ്ങളും അനാവശ്യ വിവാദങ്ങളും ഉയർത്തുന്നതായും അതിനെതിരെ പ്രതിരോധം തീർക്കുന്നതിൽ നേതാക്കൾക്ക് കൂട്ടുത്തരവാദിത്വം നഷ്‌ടപ്പെടുന്നതായും വിമർശനം. പാർട്ടിക്കെതിരെ ഉണ്ടാവുന്ന അപവാദ പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും പൊതുജനമധ്യത്തിലും നേതൃത്വം ഒരുപോലെ പ്രതിരോധിക്കേണ്ടതുണ്ട്. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കൾ മാത്രമാണ് ആ ഉത്തരവാദിത്വം നിർവഹിക്കുന്നത്. എന്നാൽ അത് ആ ചുരുക്കം സഖാക്കളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ലെന്നുമാണ് ഉയർന്ന വിമർശനം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന് മേലുള്ള പൊതുചർച്ചയിലാണ് വിമർശനം ഉയർന്നത്. കൂട്ടുത്തരവാദിത്വം എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കണമെന്നാണ് സമ്മേളനത്തിൽ പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായ വിമർശനം. പ്രതിനിധികളുടെ ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം കണ്ണൂർ ജില്ലയിൽ നിന്നുള്ള സമ്മേളന പ്രതിനിധികളെ പ്രതിനിധീകരിച്ച് പൊതുചർച്ചയിൽ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ ചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്.