കൊച്ചി : കനകമലയില്‍ ഐഎസ് അനുകൂല യോഗം സംഘടിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി. ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയും വിധിച്ചു . മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍.കെ റംഷാദിന് മൂന്ന് വര്‍ഷം തടവുമാണ് എന്‍.ഐ.എ പ്രത്യേക കോടതി വിധിച്ചത്. അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്‌വാന് അഞ്ചും എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്ദീന്‍ മൂന്ന് വര്‍ഷവും തടവ് ശിക്ഷ അനുഭവിക്കണം.
തീവ്രവാദ സംഘവുമായി പ്രതികൾ സഹകരിച്ചതിന് തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾക്കെതിരെ യു.എ.പി.എയിലെ ചില വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യദ്രോഹ കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അൻസാറുൾ ഖലീഫ എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റക്കാരായി കണ്ടെത്തിയ മുഴുവൻ പേർക്കും എതിരെ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്നും കോടതി പറഞ്ഞു. ഒന്ന്,രണ്ട് ,മൂന്ന്, അഞ്ച് പ്രതികൾ ഭീകരപ്രവർത്തനത്തിന് പണം സമ്പാദിക്കൽ, ഭീകര സംഘടനയിൽ അംഗത്വമെടുക്കൽ, പിന്തുണ നൽകൽ എന്നീ കുറ്റങ്ങൾ ചെയ്തതായും കോടതിക്ക് ബോധ്യമായി.