എറണാകുളം: കൊച്ചിയില്‍ കോൺഗ്രസിന്‍റെ ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോര്‍ജിന്‍റെ വാഹനം തകർത്ത കേസിൽ പ്രതി ജോസഫിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കോണ്‍ഗ്രസ് പ്രവർത്തകൻ്റേത് പെട്ടെന്നുള്ള പ്രകോപനമായി കാണാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രതിഷേധിയ്ക്കുന്നവരെ ആക്രമിക്കുന്ന രാഷ്ട്രീയ ശൈലി അംഗീകരിയ്ക്കാനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ട്. ഈ ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
രാഷ്ട്രീയ ഹുങ്കിൻ്റെ പിൻബലമെന്ന് കോടതി
രാഷ്ട്രീയ ഹുങ്കിൻ്റെ പിൻബലത്തിലാണ് സിനിമ നടൻ ആക്രമിക്കപ്പെട്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ബലം ഉപയോഗിക്കേണ്ടത് പൊതുജന നന്മയ്ക്ക് വേണ്ടിയാണ്, അക്രമത്തിനു വേണ്ടിയല്ല.
ജോജുവിൻ്റെ കാർ തകർത്തത് രണ്ടാം പ്രതി ജോസഫാണെന്ന് വ്യക്തമാണ്. ഇയാളുടെ കൈയ്ക്ക് പരിക്കുണ്ട്. അക്രമത്തിനുപയോഗിച്ച വസ്‌തുക്കൾ കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ പേർ അറസ്റ്റിലാവാനുമുണ്ട്. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല എന്ന കാരണം പറഞ്ഞ് പ്രതിയ്ക്ക് ജാമ്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വ്യക്തി അധിക്ഷേപം നേരിട്ടെന്ന് ജോജു
അതേസമയം, വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച സംഭവത്തിന് ശേഷം വ്യക്തി അധിക്ഷേപം നേരിട്ടതായി ജോജു ജോർജ് കോടതിയെ അറിയിച്ചു. വിഷയത്തിൽ കോടതി ഇടപെടണമെന്നും അദ്ദേഹം സിജെഎം കോടതിയിൽ ആവശ്യപ്പെട്ടു.
റോഡിൻ്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്ന് നൽകണം എന്ന് പറഞ്ഞതിനായിരുന്നു ആക്രമണമെന്ന് ജോജുവിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോൺഗ്രസ് ദേശീയ പാത ഉപരോധത്തിനിടെയുള്ള ആക്രമണ കേസിൽ കക്ഷി ചേരാൻ നടൻ ജോജു ജോർജ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
Read more: ജോജു ജോർജിൻ്റെ കാർ തകർത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ