എറണാകുളം: നടിയെ ആക്രമിച്ച കേസിലെ (actor assault case) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് (dileep) ആശ്വാസം. ദിലീപ് ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്‍റെ സിംഗിള്‍ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, രണ്ട് ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് പേരുടെ ജാമ്യം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീക്കുകയോ അന്വേഷണത്തിൽ ഇടപെടുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കാതിരിക്കുകയോ ജാമ്യവ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്‌താൽ അറസ്റ്റിന് അപേക്ഷ നൽകാമെന്നും കോടതി അറിയിച്ചു.
അസാധാരണമായ രീതിയിൽ പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദം കേട്ടശേഷമാണ് ഹൈക്കോടതിയുടെ നിർണായക തീരുമാനമുണ്ടായത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്.
കോടതിയിലെ വാദ പ്രതിവാദം
മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്‌ച വാദം പൂർത്തിയായിരുന്നു. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബൈജു പൗലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന പ്രതിഭാഗം വാദം തള്ളിയ പ്രോസിക്യൂഷന്‍ കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൗലോസെന്നും അല്ലാതെ അയാൾ അന്വേഷണസംഘത്തിൽ ഇല്ലെന്നും വാദിച്ചു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സിഐ ബൈജു പൗലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.
ഹർജിയിൽ അനന്തമായി വാദം നീളുന്നുവെന്ന വിമർശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസിൽ അന്തിമമായി തീർപ്പുണ്ടാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) ടി.എ ഷാജിയാണ് പ്രോസിക്യൂഷനായി വാദിക്കുന്നത്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍ പിള്ളയാണ് ഹാജരായത്.
അസാധാരണമായ കേസ്
പ്രതിഭാഗം കഴിഞ്ഞ ദിവസം ഉന്നയിച്ച വാദങ്ങൾക്കെല്ലാം അക്കമിട്ട് മറുപടി പറഞ്ഞായിരുന്നു പ്രോസിക്യൂഷൻ വാദം തുടങ്ങിയത്. വാദത്തിനിടെ ഇടപെടാൻ ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനോട് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ക്ഷുഭിതനാവുകയും ചെയ്‌തു.
തീർത്തും അസാധാരണമായ കേസാണിത്. പ്രതികൾക്കു മേൽ ഇപ്പോൾ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുൻകാല പശ്ചാത്തലവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ് പ്രതികൾ ക്വട്ടേഷൻ കൊടുത്തത്. നടിയെ ആക്രമിച്ച കേസിലെ വിസ്‌താരത്തിൽ യാതൊരു ഭയവുമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ബാലചന്ദ്രകുമാർ വിശ്വാസ്യതയുള്ള സാക്ഷി
ബാലചന്ദ്രകുമാറിന്‍റെ സാക്ഷിമൊഴികൾ വിശ്വാസയോഗ്യമല്ലെന്ന പ്രതിഭാഗം വാദത്തിന് പ്രോസിക്യൂഷൻ വ്യക്തമായ ഉത്തരം നൽകി. ബാലചന്ദ്രകുമാർ നിയമപ്രകാരം വിശ്വാസ്യതയുള്ള സാക്ഷിയാണ്. ബാലചന്ദ്രകുമാറിന്‍റെ മൊഴി തന്നെ ഗൂഢാലോചനയ്ക്ക് തെളിവാണ്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ പ്രധാന ഭാഗങ്ങൾ ഡിജിപി കോടതിയെ വായിച്ച് കേൾപ്പിച്ചു.
നല്ല പണി കൊടുക്കും എന്ന് പറഞ്ഞാൽ അതെങ്ങനെ ശാപവാക്കായി പരിഗണിക്കാനാവും. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറയുന്നത് ഞാൻ കാണുകയും കേൾക്കുകയും ചെയ്‌തിട്ടുണ്ട് എന്നാണ് പ്രധാനസാക്ഷി പറയുന്നത്. സംവിധായകന്‍ ഭാര്യയോടും ഇക്കാര്യങ്ങളെല്ലാം അന്ന് തന്നെ പറഞ്ഞിരുന്നു.
ദിലീപ് നമ്മളെയും കൊല്ലുമെന്ന് ഭാര്യ പറഞ്ഞുവെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ പ്രതിഭാഗം ഉന്നയിക്കുന്ന പൊരുത്തക്കേടുകളൊന്നും കൃത്യമല്ല. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന ഇവിടെ നടന്നുവെന്ന് വ്യക്തമാണ്.
നിര്‍ണായകമായി ഓഡിയോ ക്ലിപ്പിങ്
ഈ കേസിലെ എഫ്ഐആർ തന്നെ നിലനിൽക്കില്ലെന്ന ദിലീപിന്‍റെ വാദത്തിന് അതേ നാണയത്തിൽ പ്രോസിക്യൂഷൻ എതിർ വാദമുന്നയിച്ചു. സാക്ഷി മൊഴി വിശ്വസിക്കാമെങ്കിൽ എഫ്ഐആർ ഇടുന്നതിൽ തെറ്റില്ല. എഫ്‌ഐആർ ഒരു ഗൂഢാലോചനയ്ക്ക് മതിയായ വിവരങ്ങൾ വ്യക്തമായി വെളിപ്പെടുത്തുന്നു. അത് തെളിയിക്കാൻ തങ്ങളുടെ പക്കൽ ധാരാളം തെളിവുകളുണ്ട്.
കൃത്യം നടത്തേണ്ടത് എങ്ങനെയെന്ന് പോലും പ്രതികൾ ആലോചിച്ചിരുന്നു. ഒരു ഓഡിയോ ക്ലിപ്പിങില്‍ 'ഈ ഉദ്യോഗസ്ഥരെ ചുട്ടുകൊല്ലാൻ' ദിലീപ് പദ്ധതിയിടുന്നതായി കേൾക്കാം. ‘ഒരാളെ കൊല്ലാൻ പദ്ധതിയിട്ടാൽ കൂട്ടത്തിലിട്ട് കൊല്ലണം’ എന്ന് ദിലീപ് പറയുന്നത് ഓഡിയോയിൽ വ്യക്തമായി കേൾക്കാം. അതുകൊണ്ട് തന്നെ ഗൂഢാലോചന നടന്നതിന് ശേഷം ദിലീപിൽ നിന്ന് മറ്റ് പ്രതികൾക്ക് വ്യക്തമായ നിർദേശമാണ് ലഭിച്ചതെന്ന് വ്യക്തമാണ്.
ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ പരിചയമില്ല
അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്ന പ്രതിഭാഗം വാദത്തിന് അടിസ്ഥാനമില്ല. ഇരുവരും തമ്മിൽ യാതൊരു മുൻപരിചയവുമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ബൈജു പൗലോസിന് കിട്ടിയ കത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം അന്ന് അദ്ദേഹം കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നത്. പുതിയ കേസ് അന്വേഷണത്തിന് നിർദേശം നൽകിയത് എഡിജിപിയാണ്.
കുറ്റകൃത്യം രജിസ്റ്റർ ചെയ്‌തതോടെ മിക്കവാറും എല്ലാ ഫോണുകളും പ്രതികൾ ഒളിപ്പിച്ചു. പ്രതിയുടെ പിന്നീടുള്ള ഈ പെരുമാറ്റം വളരെ കുറ്റകരമാണ്. ദിലീപും കൂട്ടരും ഏഴില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. ദിലീപ് ഉന്നത ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ തീരുമാനം എടുത്തു എന്നത് വ്യക്തമാണ്.
എ.വി ജോർജിനും സന്ധ്യയ്ക്കും രണ്ട് പൂട്ടുകൾ മാറ്റിവച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. സഹോദരനും ഈ കേസിലെ മറ്റൊരു പ്രതിയുമായ അനൂപിനോടാണ് ദിലീപ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഗൂഡാലോചന മാത്രമല്ല എങ്ങനെ കൃത്യം നടത്തണമെന്ന ആലോചന പോലും പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായി.
പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകത?
ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്‌ടപ്പെടും. ഈ പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകത, ജാമ്യം നൽകിയാൽ പ്രതികൾ അന്വേഷണം അട്ടിമറിക്കും. പ്രതി ഒരു സെലിബ്രിറ്റിയാണ് എന്നതല്ല പ്രതികളുടെ സ്വഭാവവും മുൻകാല ക്രിമിനൽ പശ്ചാത്തലവുമാണ് കോടതി കണക്കാക്കേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ആരോപണം വന്നയുടൻ പ്രതികൾ ഫോണുകൾ മാറ്റി. കോടതിയിൽ അൺലോക്ക് പാറ്റേൺ മാറ്റാൻ പോലും പ്രതികൾ സമ്മതിക്കുന്നില്ല. ഇത് തന്നെ ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണ്. ഒരു പ്രതിക്ക് മുൻകൂർ ജാമ്യം നൽകുമ്പോൾ ഇരകളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്ന മുൻകാല വിധികൾ ഡിജിപി ചൂണ്ടിക്കാട്ടി.
പ്രതികൾ നിസഹകരണം തുടരുന്നു
പ്രതികൾ നിസഹകരണം തുടരുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. പ്രതികളെ നേരത്തെ തന്നെ കസ്റ്റഡയിൽ കിട്ടേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഫോണുകൾ നേരത്തെ തന്നെ കണ്ടെത്താമായിരുന്നു. കേസിലെ നിർണായക തെളിവായി അത് മാറിയേനെ.
കോൾ രേഖകൾ പ്രകാരം ഏഴ് ഫോണുകൾ തിരിച്ചറിഞ്ഞു. പക്ഷേ ആറ് ഫോണുകൾ മാത്രമേ കോടതിയിൽ സമർപ്പിച്ചുള്ളൂ. ഏഴിൽ കൂടുതൽ ഫോണുകൾ അവരുടെ കയ്യിൽ ഉണ്ട്. പ്രതികളെ കസ്റ്റഡി കിട്ടിയാൽ മാത്രമേ അത് കണ്ടെടുക്കാൻ സാധിക്കൂ. ഡിജിറ്റൽ തെളിവുകൾ ഈ കേസിൽ വളരെ പ്രധാനമാണ്. ബാലചന്ദ്രകുമാറിൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകള്‍ കൈവശമുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ബാലചന്ദ്രകുമാറിനെതിരായ ഓഡിയോ ക്ലിപ്പ്
അന്വേഷണവുമായി സഹകരിച്ചുവെന്നും ഫോണുകൾ കൈമാറിയെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചപ്പോൾ, ഫോണുകൾ നൽകിയതല്ല, വാങ്ങിച്ചെടുത്തതാണെന്ന് പ്രോസിക്യൂഷൻ തിരിച്ചടിച്ചു. 'സാർ കുടുംബവുമായി സുഖമായി ജീവിക്കുകയല്ലേ' എന്ന് കോടതിയിൽ വച്ച് ദിലീപ് ബൈജു പൗലോസിനോട് ചോദിച്ചത് ഭീഷണിയാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ഓഡിയോ ക്ലിപ് പുറത്തുവന്നു. തന്‍റെ കടം തീർക്കാൻ ദിലീപ് സംസാരിക്കണമെന്നാവശ്യപ്പെടുന്ന ശബ്‌ദരേഖയാണ് പുറത്തുവന്നത്. ഇത് ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതിന് ബദലായി നെയ്യാറ്റിൻകര ബിഷപ്പിനെ പരിചയമുണ്ടോ എന്ന് അന്വേഷിച്ച് ദിലീപിൻ്റെ സഹോദരി ഭർത്താവ് അയച്ച ചാറ്റുകൾ ബാലചന്ദ്രകുമാർ പുറത്തുവിട്ടു.
Also read: 'ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പിലിട്ട് തട്ടണം'; ദിലീപിന്‍റെ പുതിയ ശബ്‌ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ