കൊച്ചി: തീരദേശ പരിപാലന നിയമത്തിന്‍റെ ലംഘനം സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നിലനിന്നിരുന്ന കാര്യം നിർമാതാക്കൾ മറച്ചുവെച്ചുവെന്ന് മരടിലെ അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ. പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നതിലുള്ള അപാകതയാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ഇതിൽ നഗരസഭയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് അൽഫാ സെറീൻ ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. തീരദേശ സംരക്ഷണ നിയമപ്രകാരം മരട് സോൺ രണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കെട്ടിടനിർമ്മാണത്തിന് വിലക്കില്ല. എന്നാൽ കെട്ടിടം നിർമ്മിക്കുന്ന സമയത്ത് 1996 ലെ ചട്ടപ്രകാരം സോൺ മൂന്നിൽ ആയിരുന്നു എന്നത് തങ്ങളെ അറിയിച്ചില്ല എന്നും ഉടമകൾ ആരോപിച്ചു. ഫ്ലാറ്റ് വാങ്ങുന്ന അവസരത്തിൽ നിയമ തടസ്സങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല. നിയമങ്ങളെല്ലാം പരിശോധിച്ച് വായ്‌പ നൽകിയ ബാങ്കുകൾ ഇപ്പോൾ തിരിച്ചടവിന് ആവശ്യപ്പെട്ട് തുടങ്ങിയെന്നും ഉടമകൾ പറഞ്ഞു.
ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി റിട്ട് പെറ്റീഷൻ നൽകിയിരിക്കുകയാണ് ഉടമകൾ ഇപ്പോൾ. അനുഭാവപൂർണ്ണമായ വിധി കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, ഉടമകളുടെ നിലപാട് കേൾക്കാതെയാണ് ഫ്ലാറ്റ് പൊളിച്ചു നീക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവുണ്ടായതെന്നും ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.