എറണാകുളം:സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ സിബിഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫിസില്‍ ഹാജരാകാന്‍ നോട്ടീസ് നൽകി വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ സന്ദീപിനെ ചോദ്യം ചെയ്യുന്നത്.
സന്ദീപ് നായർ സിബിഐ ഓഫിസില്‍ തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും സിബിഐ ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണ ചോദ്യം ചെയ്‌ത സ്വപ്‌ന സുരേഷിനെ ജൂലൈ 21ന് വീണ്ടും സിബിഐ ചോദ്യം ചെയ്യും.
സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം ശിവശങ്കറിനെയും സിബിഐ ചോദ്യം ചെയ്‌തേക്കും. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സിബിഐക്ക് മൊഴി നൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്‌സ് ഓഫിസറായിരുന്ന ഈജിപ്‌ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.
ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തെ ശക്തമായി സർക്കാർ എതിർത്തിരുന്നു. എന്നാൽ സിബിഐ അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയിരുന്നു. ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂണിടാക്കിന് നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.