എറണാകുളം:കേരള കാർട്ടൂണിസ്റ്റുകളുടെ കുലപതി സി.ജെ.യേശുദാസൻ (83) അന്തരിച്ചു. കൊവിഡ് ബാധിതനായി ഏതാനും ആഴ്‌ചകൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്‌ച മുമ്പ് കൊവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും ചെയ്‌തിരുന്നു. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്‌ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
കേരള കാർട്ടൂണിസ്റ്റുകളുടെ കുലപതി
യേശുദാസന്‍റെ വരകളിലൂടെയാണ് കേരളത്തിൽ കാർട്ടൂണുകൾ ജനകീയമായത്.
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിന്‍റെ രചയിതാവും, മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുമായിരുന്നു അദ്ദേഹം.
'ജനയുഗത്തിലെ കിട്ടുമ്മാവന്‍'
1955ല്‍ കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയില്‍ ദാസ് എന്ന പേരിലാണ് വരച്ച് തുടങ്ങിയത്. ചിരിയും ചിന്തയും പകരുന്ന അദ്ദേഹത്തിന്‍റെ വരകൾ എൺപത്തിമൂന്നാം വയസിലും തുടരുകയായിരുന്നു. ജനയുഗത്തിലെ കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്.
വനിതയിലെ മിസിസ് നായർ ഉൾപ്പടെയുള്ള കാർട്ടൂൺ പംക്തികളിലൂടെ കാർട്ടൂണുകളെ മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റാനും യേശുദാസന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ വരയിലൂടെയുള്ള വിമർശനത്തിന് വിധേയരാകാത്ത രാഷ്ട്രീയക്കാരും ഭരണകർത്താക്കളും കേരത്തിൽ വിരളമായിരിക്കും.
എഞ്ചിനീയറാവാന്‍ ആഗ്രഹിച്ച് കാര്‍ട്ടൂണിസ്റ്റായി മാറിയ ആളാണ് യേശുദാസന്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് കാർട്ടൂൺ രംഗത്ത് സജീവമായത്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും, കേരള ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനുമായിരുന്നു അദ്ദേഹം.
ALSO READ:തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ്