എറണാകുളം: സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് വിട്ടയച്ചു. എൻഫോഴ്‌സ്മെന്‍റിന്‍റെ കൊച്ചിയിലെ സോണല്‍ ഓഫിസില്‍ രാവിലെ ഒമ്പതരയ്‌ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൊഴി വിശദമായി വിലയിരുത്തിയ ശേഷം ഒരാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. യു.എ.ഇ കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ് കരാർ നേടിയെടുക്കുന്നതിന് സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയ കമ്പനികളിലൊന്നിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഈ കമ്പനിയുടെ ഡയറക്ടറെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബിനീഷിന് കമ്പനിയുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്.
പതിനൊന്ന് മണിക്കൂർ ചോദ്യം ചെയ്തു: ബിനീഷ് കോടിയേരിയെ വിട്ടയച്ചു - സ്വർണക്കടത്ത്
യു.എ.ഇ കോൺസുലേറ്റിൽ വിസ സ്റ്റാമ്പിങ് കരാർ നേടിയെടുക്കുന്നതിന് സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയ കമ്പനികളിലൊന്നിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍.
സ്വർണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളിൽ ബിനീഷിന് പങ്കുണ്ടോയെന്നും ഇ.ഡി പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനുള്ള നോട്ടീസ് കൈപ്പറ്റിയത്. ഹാജരാകാൻ തിങ്കളാഴ്ച വരെ സമയം ബിനീഷ് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ കൊച്ചിയിലെത്താൻ അസൗകര്യമുണ്ടെങ്കിൽ ബിനീഷ് ഉള്ള സ്ഥലത്തെത്തി ചോദ്യം ചെയ്യാമെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്‍റെ ബന്ധം വിവാദമാകുന്നതിനിടെയാണ് സ്വർണക്കടത്ത് കേസിലും ബിനീഷിന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് ലഭിക്കുന്നത്. മുമ്പ് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു എങ്കിലും ഇത് ആദ്യമായാണ് ഒരു അന്വേഷണ സംഘം ബിനീഷിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.