എറണാകുളം: ഹൗസ് ബോട്ടിൽ സഞ്ചരിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച്, കായൽ കാറ്റേറ്റ് ചികിത്സ തേടാനുള്ള സൗകര്യം കൊച്ചിയിലൊരുങ്ങി. രാജ്യത്ത് ആദ്യമായാണ് മെഡിക്കൽ ടൂറിസ്റ്റുകൾക്കായി ഹൗസ് ബോട്ടിൽ ആസ്റ്റർ മെഡിസിറ്റി ചികിത്സയൊരുക്കുന്നത്. ചികിത്സയ്ക്കായി വിദേശത്ത് നിന്നെത്തുന്നവർക്ക് ഒരു പുതിയ അനുഭവം നൽകുക എന്നതാണ് ഹൗസ് ബോട്ട് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
മെഡിക്കൽ ടൂറിസ്റ്റുകൾക്കായി ഹൗസ് ബോട്ടിൽ ചികിത്സ; വേറിട്ട പദ്ധതിയുമായി ആസ്റ്റർ മെഡിസിറ്റി - medical tourism
വിവിധ ആരോഗ്യ പരിശോധനകൾക്കായി എത്തുന്നവർക്ക് ഹൗസ്‌ബോട്ടിൽ പ്രഭാത ഭക്ഷണവും സായാഹ്ന സവാരിയും ഒരുക്കുന്നതാണ് പദ്ധതി. ഹൗസ് ബോട്ടിൽ തന്നെ അത്യാവശ്യ ചികിത്സയും ഡോക്‌ടറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്
പദ്ധതിയുടെ ഉദ്‌ഘാടനം അസർബൈജാൻ അംബാസഡർ ഡോ അഷ്റഫ് ശിഖാലിയേവ് നിർവഹിച്ചു. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം നൽകുന്ന കേരളത്തിൽ 'റീതിങ്ക് ടൂറിസം' എന്ന ആശയത്തെ ഉൾക്കൊണ്ടാണ് പുതിയ പദ്ധതി ആസ്റ്റർ മെഡിസിറ്റി നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തിൽ ഒരു ഹൗസ് ബോട്ടാണ് ഉപയോഗിക്കുന്നത്. പദ്ധതിയുടെ വിജയത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതൽ ബോട്ടുകൾ ഉപയോഗിക്കും.
വിവിധ ആരോഗ്യ പരിശോധനകൾക്കായി രാവിലെ എത്തുന്നവർക്ക് ഹൗസ് ബോട്ടിൽ നിന്നാണ് പ്രഭാത ഭക്ഷണം നൽകുക. തുടർന്ന് എല്ലാ ചെക്കപ്പുകൾക്കും ശേഷം തിരിച്ചെത്തുമ്പോൾ ഹൗസ് ബോട്ടിൽ സായാഹ്ന യാത്രയും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഹൗസ് ബോട്ടിൽ തന്നെ അത്യാവശ്യ ചികിത്സയും ഡോക്‌ടറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.