എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുമുന്നണിക്ക് ഷോക്ക് ട്രീറ്റ്‌മെന്‍റ് നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി. നല്ല തോൽവി കിട്ടിയാലേ പിണറായിയും കൂട്ടരും പാഠം പഠിക്കുകയുള്ളൂ. ജനവിധിയിലൂടെ സി.പി.എം അഹങ്കാരത്തിന്‍റെ മുനയൊടിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.
യു.ഡി.എഫ് ഭരണകാലത്ത് എല്ലാവർക്കും അവകാശങ്ങൾ ചോദിച്ച് വാങ്ങാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ ആർക്കും അതിന് കഴിയില്ല. കേരളത്തിലെ എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കിയത് യു.ഡി.എഫ് ആണ്. ഇടതുമുന്നണി ഭരണത്തിൽ അസംതൃപ്‌തരായ എല്ലാവരും ഉമ തോമസിന് വോട്ട് ചെയ്യണമെന്നും ആന്‍റണി പറഞ്ഞു.
ഉത്തരവാദിത്തം മറന്ന് സർക്കാരും മന്ത്രിമാരും തൃക്കാക്കരയിൽ തമ്പടിച്ചിരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് അദ്ദേഹം വിമർശിച്ചു.
തോൽവി കിട്ടിയാലേ പാഠം പഠിക്കൂ; തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് ഷോക്ക് ട്രീറ്റ്‌മെന്‍റ് നൽകുമെന്ന് എ.കെ ആന്‍റണി സർക്കാരിന്‍റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പല്ല ഇതെന്നിരിക്കെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടെ തമ്പടിച്ചിരിക്കുന്നതിന് കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന്‍റെ വാർഷികാഘോഷം നടക്കുന്ന വേളയിൽ നിലവിലുള്ള 99 സീറ്റ് 100 ആക്കി ജനം പിറന്നാൾ സമ്മാനം നൽകണം എന്നാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റെയും ആഗ്രഹം. എന്നാൽ ശക്തമായ താക്കീതാണ് സർക്കാർ അർഹിക്കുന്നത്. ഈ ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് സീറ്റ് ലഭിച്ചാൽ ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികൾ ശബ്‌ദമില്ലാത്തവരായി മാറുമെന്നും എ.കെ ആന്‍റണി പറഞ്ഞു.