എറണാകുളം : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി വീണ്ടും പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍. മൂന്ന് മാസത്തെ സമയമാണ് പ്രോസിക്യൂഷൻ തേടിയത്. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ആരംഭിച്ച തുടരന്വേഷണം പൂർത്തിയാക്കാൻ ഏപ്രിൽ 15 വരെയാണ് ഹൈക്കോടതി നേരത്തെ സമയം അനുവദിച്ചിരുന്നത്.
കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, പ്രതികളുടെ അഭിഭാഷകർ എന്നിവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്‌തമാക്കി.
മാർച്ച് എട്ടിലെ ഉത്തരവിൽ നിർദേശിച്ച സമയക്രമം നീട്ടണമെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യാൻ സമയം തേടിയപ്പോൾ ചെന്നൈയിലാണെന്നും അടുത്തയാഴ്‌ച മാത്രമേ ഹാജരാകൂവെന്നും കാവ്യ മാധവൻ അറിയിച്ചു. നടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദിലീപ് അടക്കമുള്ളവർ നിരവധി തവണ കണ്ടതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
ALSO READ:നടിയെ ആക്രമിച്ച കേസ് : അന്വേഷണ ഉദ്യോസ്ഥൻ ഹാജരാകണമെന്ന് വിചാരണ കോടതി
അതിനാൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. കൂടാതെ ദിലീപിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിലെ സ്വകാര്യ ലാബിൽ എത്തിച്ച നാല് അഭിഭാഷകരെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.