എറണാകുളം:നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി കേസ് വിധി പറയാൻ മാറ്റിയത്. തുടരന്വേഷണത്തിന് ഒരു ദിവസം പോലും നീട്ടി നൽകരുതെന്ന് നടനും കേസിലെ പ്രതിയുമായ ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.
ദൃശ്യം കോടതിയുടെ പരിധിയിലിരിക്കെ ചോർന്നുവെന്ന് പറയുന്നതിൽ ജുഡീഷ്യറിയേയും ജഡ്‌ജിയേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് ദിലീപ് വാദിച്ചു. ദൃശ്യം തന്‍റെ പക്കലുണ്ടെന്ന ആരോപണം ദിലീപ് നിഷേധിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം പുറത്തുവന്നിട്ട് മൂന്ന് മാസമായി.
Read more: നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങള്‍ തന്‍റെ കൈവശമില്ല, തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍
ഇനിയും തുടർ പരിശോധനകൾ നടത്തിയിട്ടില്ലെന്ന ക്രൈംബ്രാഞ്ച് വാദം അംഗീകരിക്കാൻ കഴിയില്ല. തന്‍റെ ഫോണുകളിലെ വിവരങ്ങൾ മുഴുവനും മുംബൈയിലെ ലാബിൽ നിന്നും ലഭിച്ചതാണ്. ഇനിയും ഫോണുകൾ പിടിച്ചെടുക്കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നും ദിലീപിന്‍റെ അഭിഭാഷകനായ ബി രാമൻ പിള്ള കോടതിയിൽ പറഞ്ഞു.
ഡിവൈഎസ്‌പി ബൈജു പൗലോസ് വിചാരണ തടസപ്പെടുത്താനാണ് ശ്രമിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവുകൾ കണ്ടെത്താത്തതിനാലാണ് തുടരന്വേഷണം ആരംഭിച്ചതെന്നും ദിലീപ് വാദിച്ചു. അതേസമയം, ഫോൺ രേഖകളടക്കം ആയിരക്കണക്കിന് ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാനുള്ളതിനാൽ കൂടുതൽ സമയം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രോസിക്യൂഷൻ. നീതിയുക്തമായ അന്വേഷണം വേണമെന്ന് നടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ ഹൈക്കോടതി പിന്നീട് വിധി പറയും.