എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്‌ചത്തേക്ക് മാറ്റി. ദിലീപ് സമർപ്പിച്ച ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറണമെന്ന് നിർദേശിച്ചു. ദിലീപിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് നാളെ മറ്റ് പ്രതികള്‍ പറയാന്‍ ഇടയാക്കരുതെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ദിലീപ് ഒരു ഫോൺ നൽകിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സീരിയൽ നമ്പർ 1 ഫോൺ ആണ് കോടതിയിൽ ഹാജരാക്കാത്തത്. അന്വേഷണ ഉദ്യാഗസ്ഥരും ദിലീപിന്‍റെ അഭിഭാഷകനും പ്രോസിക്യൂഷനും ചേർന്നാണ് ഹൈക്കോടതി രജിസ്ട്രാറുടെ സാനിധ്യത്തിൽ ഫോണുകൾ പരിശോധിച്ചത്.
കോടതിയിൽ നടന്നത്
പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ഇന്ന് വീണ്ടും കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഒരു ഫോൺ തരാൻ ദിലീപ് ഇപ്പോഴും വിസമ്മതിക്കുകയാണ്. കോടതിയിൽ സമർപ്പിച്ചത് ദിലീപ് ഉപയോഗിച്ച ഫോൺ ആണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾ കൂടുതൽ ഫോണുകൾ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 31 മുതൽ ഉപയോഗിച്ച ഫോൺ ഇപ്പോൾ കൈവശം ഇല്ലെന്ന ദിലീപിന്‍റെ വാദം അംഗികരിക്കാനാവില്ല. ഈ ഫോണിൽ നിന്ന് 12100 കോളുകൾ വിളിച്ചതിന് തെളിവുണ്ടന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്നാണ് ദിലീപ് കൈവശമില്ലെന്ന് പറഞ്ഞ ഫോണിന്‍റെ വിവരങ്ങൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയത്.
ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ അന്വേഷണവുമായി സഹകരിച്ചാൽ മാത്രമേ മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടാകൂവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദിലീപ് ഹാജരാക്കിയ ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകി. ക്രൈം ബ്രാഞ്ചിന്‍റെ സൈബർ വിദഗ്‌ധരാണ് ഫോൺ രജിസ്ട്രാറുടെ മുറിയിൽ വെച്ച് പരിശോധന നടത്തിയത്. പരിശോധനക്ക് ശേഷം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുകയായിരുന്നു.
READ MORE:നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി