കണ്ണൂര്‍: റോഡ് വികസനത്തിന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം സൗജന്യമായി നൽകിയിട്ടും അധികാരികളുടെയും കരാറുകാരുടെയും അനാസ്ഥ കാരണം ദുരിതമനുഭവിക്കുകയാണ് തളിപ്പറമ്പ് ചിറവക്കിലെ അട്ടക്കീൽ കുടുംബം. കിണറില്‍ മലിനജലം ഒലിച്ചിറങ്ങുന്നതിനാൽ ഈ മഴക്കാലത്ത് പോലും കുടിവെള്ളത്തിന് അയൽ വീടുകളിലെ കിണറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ.
റോഡ് വികസനത്തിന് സ്ഥലം നല്‍കിയതോടെ ദുരിതത്തിലായി കുടുംബം
മഴ വെള്ളത്തിൽ മാലിന്യങ്ങൾ കിണറുകളിലേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയായതിനാല്‍ കുടിവെള്ളത്തിന് അയൽ വീടുകളെ ആശ്രയിക്കേണ്ട ഗതികേടിലാണിവർ
തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ചിറവക്ക് മുതൽ കപ്പാലം വരെയുള്ള ഭാഗത്ത് ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. തുടര്‍ന്നായിരുന്നു റോഡ് വികസനത്തിനായി അട്ടക്കിൽ കുടുംബം സ്ഥലം സൗജന്യമായി നൽകിയത്. പിന്നീട് റോഡ് പണിയുടെ അവശിഷ്ടങ്ങള്‍ ഇവരുടെ സ്ഥലത്ത് തന്നെ പുറന്തള്ളി. മഴക്കാലത്ത് വലിയ തോതിൽ വെള്ളം ഒഴുകി പോകുന്ന ഭാഗമായിരുന്നു ഇത്. ഇതോടെയാണ് ഇവർ കുടിവെള്ളം പോലും നഷ്ടപ്പെടുന്ന രീതിയിൽ ദുരിതത്തിലായത്. മാലിന്യങ്ങൾ മഴ വെള്ളത്തിൽ കലർന്ന് കിണറുകളിലേക്ക് ഒലിച്ചിറങ്ങുന്ന സ്ഥിതിയാണിപ്പോൾ.
രാത്രിയില്‍ ആളുകൾ വാഹനങ്ങളിലെത്തി ഇവരുടെ സ്ഥലത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതായും പരാതിയുണ്ട്. മാലിന്യ നിക്ഷേപം തടയുന്നതിന് രാജ രാജേശ്വര ക്ഷേത്ര റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും മഴവെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.