കേരളം

kerala

ETV Bharat / city

മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെതിരെ വംശീയ അധിക്ഷേപം; സിപിഎമ്മിനെതിരെ പരാതി

ലോക്കൽ സെക്രട്ടറി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലാണ് വിവാദപരമായ പരാമർശങ്ങൾ സിപിഎമ്മുകാർ നടത്തിയതെന്ന് വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സാജിദ ആരോപിച്ചു.

Muslim League  complaint against the CPM  CPM  കണ്ണൂര്‍ സിപിഎം  മുസ്‌ലിം ലീഗ്
മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെതിരെ വംശീയ അധിക്ഷേപം; സിപിഎമ്മിനെതിരെ പരാതി

By

Published : Jul 23, 2020, 5:49 PM IST

കണ്ണൂര്‍: തളിപ്പറമ്പ് വെള്ളാവിൽ മുസ്‌ലിം ലീഗ് പ്രവർത്തകനും ഭാര്യക്കും നേരെ സിപിഎമ്മുകാർ വംശീയ അധിക്ഷേപവും വർഗീയ പ്രചാരണവും നടത്തുന്നതായി ആരോപണം. സംഭവത്തിൽ വാർഡ് മെമ്പർ അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. സാജിദ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അവർ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം ആറിന് മുസ്‌ലിം ലീഗ് പ്രവർത്തകനായ വെള്ളാവിലെ പി. അബ്ദുൽ സലാം തന്‍റെ കട അടക്കാൻ ഒരുങ്ങുമ്പോൾ വാർഡ് മെമ്പർ പി.പി രഘുവിന്‍റെയും ബ്രാഞ്ച് സെക്രട്ടറി രാമചന്ദ്രന്‍റെയും നേതൃത്വത്തിലുള്ള സിപിഎമ്മുകാർ സംഘടിച്ചെത്തി കയ്യേറ്റവും ഭീഷണിപ്പെടുത്തലും നടത്തിയതായി വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ആരോപിച്ചു. ഇവിടെ ഇനി കട തുറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഷട്ടറിന് നേരെ കല്ലെറിഞ്ഞു. ഇത് കണ്ട് അവിടെ എത്തിയ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ അബ്ദുൽ ഖാദറിന് നേരെയും അമ്പതോളം വരുന്ന സിപിഎം സംഘം ഭീഷണി മുഴക്കി.

ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണ് കൊവിഡ് പരത്തുന്നതെന്ന തരത്തിൽ മത സ്പർദ്ധ വളർത്തുന്ന വാക്കുകളും അസഭ്യ വർഷവും നടത്തിയെന്നും പി. സാജിദ പറഞ്ഞു. ബഹളം കേട്ട് തൊട്ടടുത്തു തന്നെയുള്ള സലാമിന്‍റെ വീട്ടിൽ നിന്നും ഇറങ്ങി വന്ന ഭാര്യ മറിയത്തിന് നേരെ അശ്ളീല ഭാഷയിലുള്ള തെറി വാക്കുകൾ ഉപയോഗിച്ചു. വർഗീയ പരാമർശവും നടത്തി. ലോക്കൽ സെക്രട്ടറി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലാണ് വിവാദപരമായ പരാമർശങ്ങൾ സിപിഎമ്മുകാർ നടത്തിയതെന്ന് പി.സാജിദ ആരോപിച്ചു. സിപിഎമ്മുകാർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും വർഗീയ പരാമർശം നടത്തിയതിനും നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details