കണ്ണൂര്‍: ബഹുമുഖ പ്രതിഭയായിരുന്നെങ്കിലും രാഷ്ട്രീയ കളരിയിൽ എം.പി വീരേന്ദ്രകുമാർ നടത്തിയ നീക്കങ്ങൾ തന്നെയാണ് അദ്ദേഹത്തെ 'വീരനാ'ക്കിയത്. സോഷ്യലിസ്റ്റ് സിദ്ധാന്തം ആദർശമാക്കി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചായിരുന്നു ഈ നീക്കങ്ങള്‍. എഴുതിയ പ്രധാന കൃതികളിലൊക്കെയും അത് ജ്വലിച്ച് നിൽക്കുന്നതും കാണാം. വയനാടുകാരനായിട്ടും കോഴിക്കോട്ടേക്ക് പറിച്ച് നട്ട് മലബാറിൽ പടർന്ന് പന്തലിക്കുകയായിരുന്നു വീരേന്ദ്ര കുമാർ എന്ന വടവൃക്ഷം. ഉയർത്തി കാണിച്ച ആദർശത്തിൽ ആകൃഷ്ടരായ ഒരു കൂട്ടം കൂടെ നിന്നപ്പോൾ രാഷ്ട്രീയത്തിലെ ഒരു ശക്തിയായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അത് കോഴിക്കോട്ട് 'വീര'പരിവേഷമായപ്പോൾ ഗുണം ചെയ്തത് ഇടതുപക്ഷത്തിനായിരുന്നു.
എം.പി വീരേന്ദ്രകുമാർ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം പ്രതാപ മണ്ഡലത്തിൽ സി.പി.എം സീറ്റ് നിഷേധിച്ചപ്പോൾ വീരേന്ദ്രകുമാറും മറുകണ്ടം ചാടി. സോഷ്യലിസ്റ്റ് ജനത ഡെമോക്രറ്റിക്(എസ്.ജെ.ഡി) എന്ന പേരിൽ വീരനും കൂട്ടരും യു.ഡി.എഫിന്‍റെ ഭാഗമായി. അപ്പോഴും ഒരു വിഭാഗം മുന്നണി വിടാതെ ജെ.ഡി.എസായി എൽ.എഡി.എഫിൽ തുടർന്നു. എന്നാൽ 2009ൽ 'വീര'പരിവേഷം യു.ഡി.എഫിന് അനുകൂലമായപ്പോൾ സിപിഎമ്മിന് കോഴിക്കോട് നഷ്ടമായി. എം. കെ രാഘവൻ നേരിയ ഭൂരിപക്ഷത്തിൽ ഡൽഹിയിലെത്തി. വീരന്‍റെ പാർട്ടിക്ക് സീറ്റ് നിഷേധിച്ചത് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍റെ നേതൃത്വത്തിലായിരുന്നു. വിഭാഗീയതയുടെ മറുതലയായ വി.എസിനൊപ്പമാണ് വീരേന്ദ്രകുമാറും അദ്ദേഹത്തിന്‍റെ 'മാധ്യമ'വും എന്നതായിരുന്നു ആരോപണം. അത് പിന്നീട് വലിയ വാശിയായി മാറി. മറിഞ്ഞും തിരിഞ്ഞുമുള്ള വാക്പോരിലും ആക്രമണങ്ങളിലും അതെത്തിച്ചു. നഷ്ടം കൂടുതലും വീരേന്ദ്രകുമാറിനായിരുന്നു. മലബാറിലെ പാർട്ടി ഓഫീസുകളിൽ മിക്കതും അടിച്ച് തകർക്കപെട്ടു. അതിനിടെയിലും നിതീഷ് കുമാറിനൊപ്പം ദേശീയ ബന്ധം സ്ഥാപിക്കാൻ കേരളത്തിലെ വീരൻ പക്ഷം എസ്.ജെ.ഡി മാറി ജെ.ഡി.യു ആയി. പക്ഷേ അതുകൊണ്ടൊന്നും ഇവിടെ വേരുറപ്പിക്കാൻ ആ പാർട്ടിക്കായില്ല.
എം.പി വീരേന്ദ്രകുമാർ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിനൊപ്പം പുതിയ കൂട്ടുകെട്ടിൽ എംപി വീരേന്ദ്രകുമാര്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങി. 2014ൽ കോഴിക്കോട് വിട്ട് പാലക്കാടായിരുന്നു തട്ടകം. സി.പി.എം കോട്ടയിൽ യുവരക്തം എം.ബി രാജേഷിനോട് ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോറ്റത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി. തോല്‍വി യു.ഡി.എഫ് ക്യാമ്പിനെയും ഇളക്കി മറിച്ചു. വീരേന്ദ്രകുമാര്‍ യു.ഡി.എഫുമായി ഇടഞ്ഞെങ്കിലും മുന്നണി വിട്ടില്ല. തോല്‍വിയുടെ കാരണം അന്വേഷിക്കാന്‍ യു.ഡി.എഫ് ബാലകൃഷ്ണ പിള്ള കമ്മിഷനെ നിയോഗിച്ചു. കാലുവാരിയത് മുന്നണിയിലെ പ്രബല കക്ഷിയായ കോൺഗ്രസാണെന്ന് കമ്മിഷൻ കണ്ടെത്തി. പിന്നീട് രാജ്യസഭ സീറ്റ് നല്‍കിയാണ് യു.ഡി.എഫ് വീരേന്ദ്രകുമാറിനെ അനുനയിപ്പിച്ചത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റും കിട്ടാതെ ജെ.ഡി.യു സംപൂജ്യരായി. ജന്മദേശമായ കൽപറ്റയിൽ മകൻ ശ്രയാംസ് കുമാർ അടക്കം കേരളത്തിൽ മത്സരിച്ച ഏഴ് സ്ഥാനാർഥികളും തോറ്റു. പരാജയങ്ങൾ ഒരോന്നായി ഏറ്റുവാങ്ങുന്നതിനിടെ സംഘടനാപരമായും വീരൻ വിഭാഗത്തിന് തിരിച്ചടി നേരിടേണ്ടി വന്നു. ആദ്യം മോദിയോട് എതിര്‍ത്ത നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ എത്തിയതോടെ വീരേന്ദ്രകുമാറിന്‍റെ പാര്‍ട്ടി അനിശ്ചിതത്വത്തിലായി. ഒടുവിൽ ലോക് താന്ത്രിക് ജനതാദൾ രൂപീകരിച്ച് അതിന്‍റെ അമരക്കാരനായി.
യു.ഡി.എഫിൽ കാര്യങ്ങൾ കൈവിട്ടപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയനോട് വീരേന്ദ്രകുമാർ അടുത്തു. ഇടതുമുന്നണിയുടെ വേദികളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ട അദ്ദേഹം പിണറായി വിജയനുമായും വേദി പങ്കിട്ടതോടെ മുന്നണിമാറ്റം ഏറെക്കുറെ ഉറപ്പായി. അങ്ങനെ ഏഴ് വർഷത്തെ പിണക്കത്തിന് ശേഷം 2018 ല്‍ യു.ഡി.എഫ് വിട്ട് 'വീരൻ' എൽ.ഡി.എഫിൽ മടങ്ങിയെത്തി. അതിന് വേണ്ടി രാജിവെച്ച രാജ്യസഭാംഗത്വം എൽ.ഡി.എഫ് തന്നെ വീരേന്ദ്രകുമാറിന് സമ്മാനിച്ചു. പക്ഷേ 2019 ൽ വീരന്‍റെ പിന്തുണ ഉണ്ടായിട്ടും കോഴിക്കോട് ജയിക്കാൻ സി.പി.എമ്മിന് ആയില്ല. യുഡിഎഫ് തരംഗത്തില്‍ എല്ലാം മുങ്ങിപ്പോയി. ഇപ്പോഴും ഒരു മുന്നണിയിലായിട്ടും ഇരു പാർട്ടികളായി തുടരുന്ന 'ജനതകൾ' ഒന്നാകാനുള്ള ചർച്ചകൾക്കിടയിലാണ് ആ വൻ മരം ചായുന്നത്. ആ വീരന്‍റെ തണലിൽ വളർന്നവർ ഇനി ആ പാർട്ടികളെയും അദ്ദേഹം ഉയർത്തി പിടിച്ച ആദർശത്തേയും എങ്ങിനെ മുന്നോട്ട് കൊണ്ടു പോകും എന്നതാണ് കണ്ടറിയേണ്ടത്.