കണ്ണൂർ :കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക് മുന്നിൽ ആരംഭിച്ച നിക്ഷേപകരുടെ റിലേ നിരാഹര സമരം മൂന്നാം ദിവസത്തേക്ക് കടന്നു. ഞായറാഴ്‌ച ആരംഭിച്ച സമരം വെള്ളിയാഴ്‌ച വരെ തുടരും. എന്നാൽ ഇത് സൂചനാപ്രതിഷേധമാണെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൊസൈറ്റിയുടെ ആസ്തിവിറ്റും കുറ്റക്കാരിൽ നിന്ന് ഈടാക്കിയും നിക്ഷേപകരുടെ പണം നൽകാമെന്ന് സിപിഎം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ ഉറപ്പുകൾ താങ്കൾക്ക് വേണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്.
നേതാക്കൾ രണ്ട് തട്ടിൽ
അതേസമയം സൊസൈറ്റിയിലെ ക്രമക്കേട് സംബന്ധിച്ച് സിപിഎം ജില്ല - പ്രാദേശിക നേതാക്കൾ രണ്ട് തട്ടിലാണ്. പാർട്ടി അനുമതി ഇല്ലാതെയാണ് ചിട്ടി നടത്തിയതെന്ന് ജില്ലാനേതൃത്വം ആവർത്തിക്കുമ്പോൾ അക്കാര്യം തങ്ങൾക്കറിയില്ലെന്നാണ് ലോക്കൽ സെക്രട്ടറി അവകാശപ്പെടുന്നത്.
ചിട്ടി ആരംഭിച്ചത് നിയമവിരുദ്ധമായി
സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂർ കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈറ്റി 2017ലാണ് ധനതരംഗ് എന്ന പേരിൽ ചിട്ടി ആരംഭിക്കുന്നത്. എന്നാൽ കാലാവധി പൂർത്തിയായിട്ടും 315 പേർക്ക് മുഴുവൻ പണവും തിരികെ നൽകിയില്ല. ആകെ ഒരു കോടി എൺപത്തി അഞ്ച് ലക്ഷത്തിന്‍റെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതിയിലുള്ളത്.
രണ്ടായിരം രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ ചേര്‍ന്നത്. നറുക്ക് ലഭിക്കുന്നയാളുകള്‍ പിന്നീട് പണം നല്‍കേണ്ടതില്ല എന്നായിരുന്നു ചിട്ടിയിലെ പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ സഹകരണ സംഘം ആക്ടിന് വിരുദ്ധമാണ്.
ചിട്ടി ആരംഭിച്ചതിനുപിന്നാലെ ഇത് നിയമവിരുദ്ധമാണെന്നും അവസാനിപ്പിക്കണമെന്നും കാണിച്ച് സഹകരണ വകുപ്പ് ഇവര്‍ക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ഭരണസമിതിയും സെക്രട്ടറിയും നോട്ടിസിന് മറുപടി പോലും അയച്ചിരുന്നില്ലെന്ന് സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിരിഞ്ഞുകിട്ടിയ തുക വകമാറ്റി ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.