കണ്ണൂര്‍: ഉത്തര മലബാറിലെ വഴികളിലൂടെ അനുഗ്രഹ വർഷവുമായി ഇത്തവണ ആടിവേടനെത്തിയില്ല. ലോകത്താകെ പടര്‍ന്നുപിടിച്ച കൊവിഡ്, കർക്കടകത്തിലെ ആധിയും വ്യാധിയും മഹാമാരിയും അകറ്റാൻ എത്തുന്ന ദൈവസങ്കല്‍പ്പങ്ങള്‍ക്ക് തടസമായി. ചരിത്രത്തിലാധ്യമായാണ് ആടനും വേടനുമില്ലാത്ത ഒരു കര്‍ക്കടക മാസത്തിന് ഉത്തര മലബാര്‍ സാക്ഷിയാകുന്നത്.
തെയ്യക്കോലങ്ങളില്ലാതെ ഉത്തര മലബാറിലെ കര്‍ക്കടക മാസം - തെയ്യം
പഞ്ഞ മാസായ കർക്കിടകത്തിൽ മനുഷ്യനും പ്രകൃതിക്കും ഉണ്ടാകുന്ന ദുരിതങ്ങളെ അകറ്റാനാണ് ശിവരൂപമായ ആടിയും വേടനും വീടുകളിലെത്തുന്നതെന്നാണ് സങ്കൽപ്പം.
നിലവിളക്ക് തെളിച്ച് വീടുകളിൽ തെയ്യത്തെ വരവേറ്റിരുന്ന ആ കാലം വിശ്വാസികൾക്ക് ഇത്തവണ ഓർമ മാത്രമായി. തോറ്റം പാട്ടും, കരിക്കട്ട ഉഴിഞ്ഞ ഗുരുതി തെക്കോട്ട് ഒഴിക്കുന്നതും ഇല്ലാതായി. പഞ്ഞമാസമായ കർക്കടകത്തിൽ മനുഷ്യനും പ്രകൃതിക്കും ഉണ്ടാകുന്ന ദുരിതങ്ങളെ അകറ്റാനാണ് ശിവരൂപമായ ആടനും വേടനും വീടുകളിലെത്തുന്നതെന്നാണ് സങ്കൽപ്പം. എന്നാല്‍ കൊവിഡ് നിറഞ്ഞ കര്‍ക്കടകം പാരമ്പര്യമായി തെയ്യവും ആടിയും വേടനും കൊണ്ടുനടക്കുന്നവർക്കും വിശ്വാസികൾക്കും വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
വരുമാനമില്ലാതെ തുടര്‍ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് തെയ്യം കലാകാരന്മാര്‍. എങ്കിലും ഇവര്‍ പ്രതീക്ഷ കൈവിടുന്നില്ല. നിറമുള്ള സുദിനങ്ങള്‍ വരും നാളുകളില്‍ എത്തിച്ചേരുമെന്ന ശുഭപ്രതീക്ഷയില്‍ ജീവിക്കുകയാണിവര്‍.