കണ്ണൂര്‍ : മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ജില്ലയിലെ ഏറ്റവും വലിയ കോഴിവളർത്തൽ സ്ഥാപനമായ മുണ്ടയാട് മേഖല കേന്ദ്രം പ്രതിസന്ധിയുടെ നടുവില്‍. പ്രതിമാസം 50,000 കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന ഫാമിന്‍റെ അഞ്ചരയേക്കറോളം സ്ഥലമാണ് ദേശീയ പാതക്കായി വിട്ടുനൽകേണ്ടിവരുന്നത്.
75 വർഷം പൂർത്തിയാക്കുന്ന ഫാം നിലവിൽ പത്തേക്കര്‍ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. എന്നാൽ ഫാമിന്‍റെ നടുവിലൂടെയാണ് ദേശീയപാതക്കായി സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. അതിനാൽ ഫാമിന്‍റെ അഞ്ചേക്കര്‍ സ്ഥലവും ദേശീയ പാതക്കായി വിട്ട് നല്‍കേണ്ടി വരും. കൂടാതെ ഫാമിലുള്ള 12 ഷെഡ്ഡുകളിലെ ഭൂരിഭാഗവും നിലനില്‍ക്കുന്നത് ദേശീയപാത കടന്നുപോകുന്ന ഭാഗത്തുമാണ്.
നിലവിൽ ഒൻപത് ഷെഡ്ഡുകള്‍ മാറ്റി സ്ഥാപിച്ചുകഴിഞ്ഞു. മൂന്നെണ്ണം മാറ്റി സ്ഥാപിക്കേണ്ടതായുണ്ട്. ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇനിയും 15 ഷെഡ്ഡുകള്‍ കൂടി ആവശ്യമാണ്. എന്നാൽ ഇതിന് സ്ഥലം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.